ഒരു കാറ്റു പോലെ.............
ഓരോ തിര വരുമ്പോഴും അവൾ പിന്നോട്ട് നടന്നു,ഓരോ തിര പോകുമ്പോഴും അവൾ മുന്നോട്ടും..ഇടയ്ക്കു അവൾ തിരിഞ്ഞു നോക്കി,അവൻ തീരത്തടിഞ്ഞ ചെറിയ മീനിനെ കമ്പ് കൊണ്ട് തോന്ടിയെടുക്കുവാൻ നോക്കുകയാണ്, "ഈ ചെക്കൻ എന്താ ഈ കാട്ട്നത്?"അവൾ നീരസത്തോടെ ചോദിച്ചു, "ഞാൻ വലുതാകുമ്പോ അച്ഛനെ പോലെ കടലിൽ പോയി വലിയ മീനുകളെ പിടിക്കും.." "അയ്യേ കടലിൽ പോകാനാ നീ വലുതാകുന്നത്?" അവൾ ചിരിച്ചു,"അതെ ന്",അവൻ അഭിമാനത്തോടെ പറഞ്ഞു,"ഞാൻ ഈ കടലിൽ ആരും പോയിട്ടില്ലാത്തത്രയും ദൂരം പോകും,ആരും പിടിക്കാത്തത്രയും വല്യ മീനിനെ പിടിക്കും" അവൻ അലറി മറിയുന്ന തിരയിലൂടെ വള്ളം ഉന്തി പോകുന്ന രംഗം ഓർത്തു,അല്ലെങ്കിലും ഈ സ്കൂളിൽ പോക്ക് അവനു ഇഷ്ടമല്ല,ആകെ ഇഷ്ടമുള്ളത് കളിക്കാൻ വിടുന്ന സമയമാണ്, എന്നാലും രവി സാറിന്റെ തല്ലും,ചെറിയാൻ മാഷിന്റെ പിച്ചും ഓർക്കുമ്പോൾ അതും വേണ്ടെന്നു തോന്നും,കണക്കു എന്നും അവനു കീഴടക്കാൻ പറ്റാത്ത ഒരു കടലായിരുന്നു,ഇങ്ങ്ലീഷ് അവന്റെ ചൂണ്ടയിൽ കുരുങ്ങാത്ത ഒരു മീനും.. "ഞാൻ വല്യ വല്യ മീനും പിടിച്ചു വരുമ്പോ നീ കുട്ടയുമായി വാ,ഞാൻ നിനക്കും തരാം.." അവളുടെ ചിരിയിൽ അരിശം വന്നവൻ പറഞ്ഞു.. "അതിനു ഞാൻ മീൻ വാരാൻ വരുമെന്ന് നിന്നോടാര പറഞ്ഞത്? " അവൾ തെല്ലു ഗമയിൽ പറഞ്ഞു,"ഞാനൈ പഠിക്കാൻ പോണത് ജോലി മേടിക്കാനാ,ഞാൻ നമ്മടെ സ്കൂളിൽ തന്നെ ടീച്ചറായി വരും,അപ്പഴും നീ അവടെ തൊട്ടു കിടക്കാണ്ടിരുന്നാൽ മതി,അവന്റെ മുഖത്തേക്ക് ദേഷ്യം തിരമാൽ പോലെ ഇരച്ചു കയറി, ലക്ഷ്മീ,എടി ലക്ഷ്മിയെ...അവനു എന്തേലും പറയാൻ കിട്ടുന്നതിനു മുൻപ് ലക്ഷ്മിയുടെ അമ്മയുടെ വിളി കേട്ടു "എടി ലക്ഷ്മിയെ.. വീട് നോക്കേണ്ട പെണ്ണാ,രാവിലെ തന്നെ തിരയെന്നാൻ പോയിരിക്കാന്,ഇങ്ങോട്ട് വാടി..." ലക്ഷ്മി തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു,"ദെ അമ്മ വിളിക്കന്,അച്ഛനൊക്കെ കടലിൽ പോകാനായെന്നു തോന്നണു.നീ ഇപ്പഴേ കടലിൽ പൊയ് മീൻ പിടിച്ചു പഠിച്ചോ,അല്ലേല അതിലും നീ തോറ്റു പോകും.." അവൾ ചിരിച്ചു കൊണ്ട് ഓടി പൊയ്.. അവനു അകെ നിരാശ തോന്നി സ്കൂളിൽ ഓരോ കൊല്ലവും തോല്കുമ്പോ കൂട്ടുകാര് കളിയാകി പാടാറുള്ള പാട്ട് അവനു ഓര്മ വന്നു,എന്ത് വന്നാലും അച്ചനെയൊക്കെ പോലെ കടലിൽ പോയി വലിയ മീൻ പിടിക്കണം,എന്നിട്ട് അതുമായി ലക്ഷ്മിയുടെ മുന്നിലൂടെ നടക്കണം,അവളുടെ വല്യ കണ്ണുകള അത്ഭുതം കൊണ്ട് വിടരണം,മാമന്റെ മോൻ വിനു ഒരിക്കൽ കടലിൽ പോയിട്ടുണ്ട്,മാമന്റെ കൂടെ,എന്താരുന്നു അന്നവന്റെ പത്രാസ്സു,വിനു പറഞ്ഞത് അവൻ ഓർത്തു,"എടാ സഞ്ജു,കര കാണാനേ ഇല്ലാരുന്നു,ആകാശവും കടലും ഒരേ പോലെ,നീല നിറത്തിൽ,തിരമാല ഇല്ലാട്ടോ"
"നീ കടലിന്റെ അറ്റം വരെ പോയോ?"
"അറ്റത്തു എത്തീല്ല,പക്ഷെ അതിന്റെ അടുത്ത് വരെ പോയി",
ഹും അവന്റെ ഒരു പുളു,കടലിന്റെ അറ്റത് പോയാൽ ഒരു ദിവസം കൊണ്ട് തിരിച്ചെത്തുമോ,അങ്ങോട്ടേക്ക് ഏഴു പകലും ഏഴു രാവും വേണമെന്നാ അമ്മാമ്മ പറഞ്ഞത്,അപ്പാപ്പാൻ പോയിട്ടുണ്ടത്രേ, താൻ മാമനോട് ചോദിച്ചപ്പോ മാമനും പറഞ്ഞിരുന്നു,"ഹൈ,കടലിന്റെ അറ്റം വരെ പോയില്ല,അറ്റത്തേക്ക് പോകുമ്പോ സന്ജൂനേം വിളിക്കാം" അപ്പോഴവന്റെ മുഖം വിടര്ന്നു..
മാമന്മാരും അച്ഛനുമൊക്കെ ചേർന്ന് വള്ളം താള്ളിയിരക്കുന്നത് അവൻ നോക്കി നിന്നു,പെട്ടന്ന് എന്തോ ഒർത്തിട്ടവൻ ഓടി അവരുടെ അടുത്തേക്ക് ചെന്നു, "അച്ഛാ അച്ഛാ ഞാനും വരട്ടെ ഇന്ന് നിങ്ങടെ കൂടെ?"
"പിന്നെ കടലിൽ പോകാൻ പറ്റിയ പ്രായം,പോയി നാലക്ഷരം പഠിയെട ചെക്കാ,"
"ഞാനും വരും " അവൻ ചിണുങ്ങി
"നീ തല്ലു മേടിക്കും"
"മാമാ എന്നെ കടലിൽ കൊണ്ട് പോകാന്നു മാമൻ പറഞ്ഞതല്ലേ,എന്നേം മാമാ"
"അയ്യോ അത് കടലിന്റെ അറ്റത്തു പോകുംബഴല്ലേ?"
"എന്നെ ഇപ്പം കൊണ്ട് പോയാ മതി"
"ശെരി പോര്"മാമൻ പറഞ്ഞത് കേട്ടപ്പോ അവനു തുള്ളി ചാടാൻ തോന്നി, "അളിയന് വേറെ പണിയൊന്നുമില്ലേ?",അച്ഛൻ ചോദിച്ചു,"സജിയെ നീ എപ്പഴാട കടലിന്റെ അറ്റത്തു പോയത്?നീ പിള്ളേരെ ഓരോന്ന് പറഞ്ഞു പറ്റിക്കുന്നത് ഞങ്ങലരിയുന്നുണ്ടേ.."കൂട്ടത്തിൽ നിന്നു ആരോ വിളിച്ചു പറഞ്ഞു,മാമൻ ചിരിച്ചു കൊണ്ട് വള്ളം തള്ളി,
ദൂരെ നിന്നും ലക്ഷ്മി വരുന്നത് അവൻ കണ്ടു,പെണ്ണ് ഇങ്ങു വരട്ടെ,കടലിൽ പോകുന്ന കാര്യം കേള്ക്കുമ്പോ അവൾ ഞെട്ടും,പാര വെക്കുമോ അവൾ,നോക്കാം..
"നീയെന്താ ചെക്കാ തേങ്ങ എന്നുവാണോ?" മേലോട്ട് നോക്കി നിക്കുന്ന അവനോടു അവൾ ചോദിച്ചു,അവൻ പറഞ്ഞു,"ഞാനും പോകുവാ.."
"എങ്ങോട്ട്?"
"കടലിൽ,അച്ഛന്റേം മാമന്റേം കൂട്ടത്തിൽ.."
അവൾ പൊട്ടിച്ചിരിച്ചു,"എന്തിനു,ചൂണ്ടക്കു കൊളുത്തായിട്ടോ?"
അവൻ ഒന്നും പറഞ്ഞില്ല,പോയി വരട്ടെ,എന്നിട്ട് പറയാം,
"നേരാണോ അച്ഛാ,സന്ജൂം നിങ്ങടെ കൂടെ വരുവാ?"
അതെ... മാമൻ പറഞ്ഞു,
ലക്ഷ്മി ഒന്നും മിണ്ടീല്ല,മെല്ലെ അവന്റെ അടുത്ത് ചെന്നു പറഞ്ഞു,"സന്ജൂ വല്യ കാറ്റ് വരും,വള്ളത്തിനു വല്ലോം പറ്റിയാൽ, ഇവരൊക്കെ വല്യ ആൾക്കാരാ അവര് നീന്തനെ പോലെ നിയ്ക്ക് പറ്റില്ല,"
അമ്പടീ.... അവൻ മനസ്സില് പറഞ്ഞു, പോക്ക് മുടക്കാനുള്ള സോപ്പാ,എന്ത് വന്നാലും പോയെ പറ്റൂ, അവൻ തിരിഞ്ഞു നിന്നു,
അവൾ അവന്റെ മുഖത്തിന് നേരെ വന്നു വീണ്ടും പറഞ്ഞു,"സഞ്ജു എനിക്ക് പേടിയാ,നീ പോകണ്ട,നമ്മക്ക് ഇവിടെ കളിക്കാം,നീ പോയാൽ പിന്നെ ഞാൻ ഒറ്റയ്ക്ക് ഇരിക്കണ്ടേ,,,"
"അതെന്താ ഈ കരേല് വേറെ കുട്ട്യോള് ഇല്ലേ? "അവൻ കളിയാക്കി ചോദിച്ചു,
അവളുടെ വലിയ കണ്ണുകളിൽ മറ്റൊരു കടൽ നിറഞ്ഞു,അവൻ ശ്രെദ്ധിക്കാൻ ninnilla,അല്ലെങ്കിൽ ചെക്കാ,പൊട്ടാ,എന്നൊക്കെ വിളിക്കുന്ന പെണ്ണാ,ഇന്ന് ദേ സന്ജൂ ന്നു,എന്നാ പിന്നെ ശാരദ ടീച്ചർ ഹാജര് വിളിക്കുന്ന പോലെ ഇനീഷ്യലും കൂട്ടി വിളിച്ചു കൂടെ..
അവൾ അപ്പോഴും അവന്റെ മുഖത്തേക്ക് നോക്കി നിന്നു,"നീ ഒരു ഉപകാരം ചെയ്യുവോ?" അവൻ പറഞ്ഞു, അവളുടെ മുഖം തിളങ്ങി,"പറ ഞാൻ ചെയ്യാം..
" വീട്ടില് പോയി അമ്മയോട് ഞാൻ കടലിൽ പോയി ന്നു പറയുമോ?" അവളുടെ മുഖം വീണ്ടും വാടി,അവൾ നിലത്തേക്കു നോക്കി കൊണ്ട് ശ്വാസം വിട്ടു,അവനു ചിരി വന്നു,ഇച്ചിരി മുന്പ് വരെ എന്താരുന്നു പെണ്ണിന്റെ അഹങ്കാരം..
"ഡാ നീ വരണുണ്ടോ?" അച്ഛന്റെ വിളി കേട്ടു അവൻ "പോണു" എന്ന് മാത്രം പറഞ്ഞു കൊണ്ട് ഓടി,അവൻ ഓടിയപ്പോൾ പിന്നിലേക്ക് മണൽ തെരിച്ചുകൊണ്ടിരുന്നു .. അവൻ ഓടി വള്ളത്തിൽ കയറി,എല്ലാവരും കൂടി വള്ളം തള്ളി തിരമാലക്കും അപ്പുരതാക്കി,ചാടി കയറി എല്ലാവരും കൂടി ആഞ്ഞു തുഴഞ്ഞു,അവൻ വള്ളത്തിന്റെ അമരത്ത് ചെന്നു അച്ഛന്റെ തുണിയിൽ പിടിച്ചു കൊണ്ട് ദൂരേക്ക് നോക്കി,ലക്ഷ്മി ഒരു തെങ്ങിന്റെ ചുവട്ടിൽ നില്ക്കുന്നു,അവന്റെ മനസ്സില് എന്തോ ഒരു വിങ്ങൽ,അവൻ അവളെ നോക്കി കൈ വീശി കാട്ടി,
ആടിയുലയുന്ന വള്ളത്തിൽ അവൻ,അവനും വള്ളക്കാരുടെ പാട്ടും അകന്നു പോകുമ്പോൾ അവളുടെ കണ്ണുകൾ തുളുമ്പി,അവൾ അവനെ നോക്കി കൈ വീശി കാട്ടി, ഒരു കാറ്റ് പോലെ.....