Sunday, October 27, 2013

ടി.വി.യിൽ രക്തസാക്ഷി മണ്ഡപത്തിലേക്ക് പുറപ്പെടുന്ന ദീപശിഖാ പ്രയാണം കാണിച്ചപ്പോൾ നാല് വയസ്സുകാരൻ  കിച്ചു ചോദിച്ചു,നോക്ക് അമ്മമ്മേ,ആലപ്പുഴ തൊട്ടു അയാള് നടക്ക്വോ?...
ഞാൻ കണ്ണ് തുറന്നു ടി വി യിൽ നോക്കി ,ഒന്ന് പുഞ്ചിരിച്ചിട്ട് വീണ്ടും കണ്ണടച്ചു....

എന്റെ ഓർമയിൽ എവിടെയോ ഇൻഖിലാബ് മുഴങ്ങി.......

എടീ നീ അടിച്ചു കഴിഞ്ഞോ? അമ്മ അപ്പുറത്ത് നിന്ന് വിളിച്ചു ചോദിച്ചു,കഴിഞ്ഞെങ്കിൽ ആ ചരുവൻ കഴുകി വെച്ചേര് ....
"ആ ഞാൻ കുളിച്ചെച്ച്ചു വരുമ്പോ കൊണ്ടുവരാം"
"അയ്യോടി,എനിക്ക് ഇപ്പൊ കക്കാ പുഴുങ്ങാനാ"
"അമ്മാ,ഞാനിപ്പം കുളിക്കാൻ പോകും,എനിക്ക് ജാഥാ കാണാൻ പോണം..."
"ഉവ്വേ..ജാഥാ മൂന്നു മണിക്കാടി പെണ്ണെ,നീ ഈ പൊരിവെയിലത്തു എന്നാത്തിനു പോകിയെ?,അല്ലേലും ജെയ് വിളിക്കാൻ നിന്റെ അച്ഛൻ പോയിട്ടുണ്ട്,അതു മതി.."
"അമ്മ ഒന്ന് പോയെ....ദേ കരിയെല അടിച്ചു കൂട്ടിയിട്ടുണ്ട്,തീ പിടിപ്പിക്കാൻ നോക്ക്,ഞാൻ കുളിക്കാൻ പോണു..." തോര്ത്തും എടുത്തു തോട്ടിലേക്ക് ഒരു ഓട്ടമാണ് ... വേഗം കുളിച്ചു റോട്ടിൽ പോയിരുന്നു,പുന്നമരത്തിന്റെ വേരിൽ സ്ഥിരം ഒരു സീറ്റുണ്ട്,കണ്ണുകൾ  ചെറുതായി അടഞ്ഞു വന്നു,


മുൻപൊരിക്കൽ താൻ അച്ഛനോട് ചോദിച്ചു,അച്ഛൻ ഈ സമരത്തിൽ പങ്കെടുക്കാൻ പോയിട്ടില്ലേ?ഇല്ല,അച്ഛൻ പറഞ്ഞു,അന്ന് അച്ഛൻ പത്തു പതിനഞ്ചു വയസ്സ് കാണും,വാരലും കഴിഞ്ഞു ഞാനും അപ്പോപ്പനും വരുമ്പോ അമ്മക്ക് ദീനം കൂടി,അന്ന് ബോട്ടില്ല,വൈക്കത്ത് ഒരു വൈദ്യരുണ്ട്,അങ്ങോട്ട്‌ ഞങ്ങൾ എല്ലാരും കൂടി വള്ളത്തിൽ പോയി,അപ്പൊ ഇവിടെ സമരം തുടങ്ങി,അമ്മേടെ ദീനം മാറി ഞങ്ങള് തിരിചെത്തിയപ്പഴാ അറിഞ്ഞത് വെടി വെപ്പ് കഴിഞ്ഞതും,അത് കഴിഞ്ഞു പെലയന്റെം ചോകാൻമാരുടേം കുടിലുകളിൽ പട്ടാളം അഴിഞാടിയേന്നും...അന്ന് ഞങ്ങൾ ഇവിടെ ഉണ്ടാരുന്നെങ്കിൽ....പൂര്ത്തിയാക്കാൻ അച്ഛന് കഴിഞ്ഞില്ല..

ഇന്കിലാബ് വിളി അടുത്തു വന്നു,ജാഥയുടെ ഇടയിലായി അച്ഛൻ ഉണ്ടായിരുന്നു,പ്രസിടന്റിന്റെ കാറിൽ നാരങ്ങാവെള്ളം കുപ്പിയിലാക്കി വെച്ചത് അച്ഛൻ എടുത്തു തന്നു,അന്ന് പ്രസിടന്റിനു മാത്രേ കാറുള്ളൂ ,ഒറ്റപുന്നയിൽ  വയലാര് മണ്ഡപം വരെ ഇനി നടത്തമാണ്,തിരിച്ചിങ്ങോട്ടും ,വരുമ്പോൾ രാത്രി ആകും,അമ്മ കപ്പയും കക്കാറച്ചിയും പുഴുങ്ങി കാത്തിരിക്കും,അന്നൊന്നും അറിഞ്ഞില്ല ആ മണൽത്തരികളിൽ ചോര പടര്ന്നിരുന്നുവെന്നു,ഇന്ന് പഞ്ചാര മണ്ണിന്റെ കുന്നുകളില്ല ,നാട് വിട്ടു മകനോടൊപ്പം മെട്രോ സിറ്റിയിൽ ഫ്ലാറ്റിന്റെ മുകളിൽ  നിന്നും നോക്കുമ്പോൾ കാണുന്ന കെട്ടിടങ്ങളും അതിനെ കടന്നു വരുന്ന കാറ്റും,ചിലപ്പോഴെക്കെ ആ കാറ്റിൽ കേൾക്കാം പട്ടാളത്തിന്റെ ചവിട്ടു കൊണ്ട് കരയുന്നവരുടെ ഏങ്ങലടികൾ,അവരുടെ കണ്ണീരിന്റെ ഉപ്പുണ്ടാകും ആ കാറ്റിനു,അവരുടെ ചോര മണക്കാരുണ്ട് ....

ഓർമയിൽ എവിടെയോ ഇന്ഖിലാബ് മുഴങ്ങുന്നു...ഏറ്റു  വിളിക്കുന്നതാരാണ് ,പഞ്ചാര മണ്ണിന്റെ കുന്നുകളോ,ഒരു കയ്യിൽ കൊടിയും,മറ്റേ കയ്യിൽ നാരങ്ങാ വെള്ളവുമായി അച്ഛനോ.....

No comments: