Saturday, November 30, 2013

ഇതെന്റെ ലോകമാണ്.,ഇവിടെ കാണുന്നതെല്ലാം ഞാൻ സഞ്ചരിച്ച വഴികളും ഞാൻ കണ്ട കാഴ്ചകളുമാണ് ....എനിക്ക് ചുറ്റുമുള്ള പലതും എന്നിലേക്ക്‌ വന്നപ്പോഴും എന്റെതായിരുന്ന പലതും എന്റെ കൈവെള്ളയിലൂടെ ചോർന്നു പോയപ്പോഴും ഞാൻ അറിഞ്ഞത്,ഞാൻ മനസ്സിലാക്കിയത്,എനിക്ക് തോന്നിയത്..എല്ലാം ഇവിടെയുണ്ട്...എന്റെ കൂടെ യാത്ര തിരിച്ച പലരും വഴി പിരിഞ്ഞു പോയി,ചിലർ ഒപ്പമുണ്ട്,മറ്റു ചിലരെ വീണ്ടും കണ്ടുമുട്ടാം...എനിക്ക് എപ്പോൾ വേണമെങ്കിലും എന്റെ യാത്ര നിർത്താമായിരുന്നു ,എന്റെ നഷ്ടങ്ങളെ കുറിച്ച് ഓർത്ത്‌ വിലപിച്ചിരിക്കാമായിരുന്നു,കുറച്ചേ ഉള്ളെങ്കിലും എന്റെ നേട്ടങ്ങളിൽ മതി മറന്ന് ഇതാ നിന്റെ വഴികൾ അവസാനിച്ചു എന്ന് കരുതാമായിരുന്നു....പക്ഷേ ഞാൻ ഇപ്പോഴും സഞ്ചരിക്കുന്നു...എന്റെ ചിന്തകളിലൂടെ,എന്റെ ചിന്താധാരകളിലൂടെ....

Friday, November 29, 2013

പ്രഭാതത്തിന് ഇത്രയും ചന്ദമുണ്ടായിരുന്നോ..
എത്രയോ നാളവൾ സിന്ദൂരവും തൊട്ട് 
നിന്നെയും കാത്തീവഴി നിന്നിരുന്നൂ.....
എന്നിട്ടും എന്തേ നീ, രാത്രി തൻ മിഴിയിലെ 
കരിമഷി നിഴലിൽ മറഞ്ഞ് നിന്നൂ...
ആ കവിളിണകളിൽ കുങ്കുമം
പടർന്നതീ കണ്ണീരിനുപ്പു കലർന്നതാകാം
ആ വഴി ചുറ്റുന്ന തെന്നലിനൊക്കെയും
അവളുടെ നീറുന്ന നോവറിയാം.

Friday, November 22, 2013

ഇന്നത്തെ ദക്ഷിണ ഇന്ത്യ പണ്ട് വനമേഖലയും അവിടെ പ്രാകൃതരും വേട്ടയാടിയും മറ്റും ജീവിക്കുന്ന ദ്രാവിഡർ ആയിരുന്നു...അവർ കൂടുതലായും പ്രകൃതി ശക്തികളെയും അസുഖങ്ങളെയും വന്യജീവികളെയും ആണ് ഭയപ്പെട്ടിരുന്നത്..കൂടുതലായും അമ്മ ദൈവങ്ങൽ ആയിരുന്നു അവർക്കുണ്ടായിരുന്നത്..
                നദീ തട സംസ്കാരം വഴി കൃഷിയും വാണിജ്യവും ഭരണ തന്ത്രങ്ങളും വശപ്പെട്ട ആര്യന്മാർ ,ഇന്നത്തെ ഇന്ത്യയുടെ പുറം ഭാഗം ഉൾപെടെ ഉള്ള ഭാഗങ്ങളിൽ നിന്നുള്ളവർ ആണ്,(മഹാഭാരതത്തിലെ ഗാന്ധാരം ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ ഭാഗമാണ്..)
                         ആര്യന്മാർ നിറത്തിൽ വെളുത്തവരും മെലിഞ്ഞു ഉയരമുള്ളവർ(ദ്രാവിടരെ അപേക്ഷിച്ച്) ആയി കണക്കാക്കുന്നു..ഇവർ കൃഷിക്കും വാണിജ്യത്തിനും ആപേക്ഷികമായ പ്രകൃതി ശക്ത്തികളെയും കുലീന ദൈവങ്ങലെയും ആരാധിച്ചു പോന്നു...ഇവരുടെ ആരാധനാലയങ്ങൾ നദീ തീരങ്ങളിലും ദ്രാവിടരുടെത് ഉയർന്ന ഭാഗങ്ങളിലുമായാണ് കണ്ടു വന്നത്....
                      ദ്രാവിഡ സംസ്കാരത്തിന് മേൽ വാണിജ്യ പരമായും,ഭരണപരമായും ഉള്ള മേല്ക്കോയ്മ സ്ഥാപിക്കലാണ് ഹൈന്ദവ പുരാണങ്ങളിൽ അമാനുഷികത കലർത്തി കാണാൻ സാധിക്കുക... വാനരന്മാർ ,രാവണൻ,താടക തുടങ്ങിയവർ ദ്രാവിഡർ ആയി പുരാണത്തിൽ കാണാം...രാമായണം എന്നത് ആര്യ മേധാവിത്തം കടലിലൂടെയുള്ള വാണിജ്യത്തിന്റെ മേല്ക്കോയ്മ കൂടി ആണെന്ന് പറയാം,സമാനമായി ഗ്രീക്ക് കാർ ട്രോയ് ജനതയുടെ മേൽ നേടിയ വിജയവും ഇത്തരത്തിലുള്ളതായി കണക്കാക്കുന്നു...
                          രണ്ടു സംസ്കാരങ്ങളുടെ ഒന്നിക്കലായി ഇരു കൂട്ടരുടെയും ദൈവങ്ങളിൽ നിന്ന് മക്കൾ ദൈവങ്ങളും ഉപകഥകളും ചേർന്നപ്പോൾ സിന്ധൂ നദി സംസ്കാരം ഹിന്ദു മതമായി മാറി...
വൈകി വന്ന വസന്തമേ,നീ
എനിക്കായി കൊണ്ടുവന്ന
പൂക്കുടയിൽ ഞാൻ
തിരഞ്ഞത്,എന്റെ ഓർമകളിൽ
സുഗന്ധം പരത്തിയ ആ
ചെമ്പക പൂക്കളായിരുന്നു..
രാത്രി മാത്രമേ പൂക്കൂ
എന്നറിയാതെ ഞാനെത്ര
വെയിലിലും മഞ്ഞിലും കാത്ത് നിന്നൂ..
എങ്കിലും നിനക്ക് ഞാനേകുന്നു
പകരമായി എന്റെ ജീവനിൽ
നിന്നൊരു പിടി രക്തപുഷ്പം....

Thursday, November 21, 2013

"മുത്താറി ഉണക്കി അരച്ച്,തുണിയിൽ അരിച്ച് തിളച്ച കഞ്ഞിവെള്ളത്തിൽ തിളപ്പിച്ച്‌,കുറുക്കി എടുത്ത് നിനക്കു ചെറുപ്പത്തിൽ തരുമായിരുന്നു ,അതിനു ശേഷം ഇപ്പഴാ ഉണ്ടാക്കുന്നത്‌...."
           ബാലവാടിയിൽ നിന്ന് കൊടുത്ത അമൃതം പൊടി കൊണ്ട് എനിക്ക് കുറുക്ക് ഉണ്ടാക്കി തരുമ്പോൾ അമ്മ പറഞ്ഞു.....
1991-92 കാലങ്ങളിനാണ് ഞാൻ വയനാട്ടിൽ എത്തി പെടുന്നത്..ചേർത്തലയിലെ തെങ്ങിൻ പറമ്പുകളും കായലും തോടും തോട്ടിലെ മീനുകളും ഉത്സവങ്ങളും പ്രീയപ്പെട്ടവരും എന്റെ സ്വപ്നങ്ങളിൽ മാത്രമാക്കി എങ്ങും മരങ്ങളും കുന്നുകളും ഉള്ള കാലവസ്ഥയിലെക്കുള്ള മാറ്റം എന്നെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്...
       പക്ഷെ ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അയല്പക്കങ്ങളിലെ കൂട്ടുകാരുടെ എണ്ണവും എന്റെ ചേട്ടന്മാരുടെ സ്നേഹവും പുതിയൊരു ലോകം തീർത്തു ...
             അന്ന് ഞങ്ങളുടെ ഭാഗത്തൊന്നും കരന്റൊ ടി.വി.യോ എന്തിന് ഒരു റേഡിയോ പോലും ഇല്ല...അച്ഛൻ തന്റെ അമൂല്യ സ്വത്തായി കണക്കാക്കിയ സോണിയുടെ ഒരു ടേപ്പ് റെകോർഡാർ ആയിരുന്നു ഞങ്ങളുടെ മാധ്യമം...
             പിന്നെ ഉണ്ടായിരുന്നത് സുഗന്ധഗിരി പ്രൊജെക്റ്റിന്റെ ചെക്പോസ്റ്റിൽ ഉണ്ടായിരുന്ന, അപൂർവമായി പ്രവർത്തിപ്പിച്ചിരുന്ന ടി.വി.ആണ്....
              അച്ഛന്റെ ടേപ്പ് റെകോർഡാർ ലൂടെ ഞങ്ങൾ ഉറങ്ങുന്നതിനു മുൻപ് എന്നും 'അകലെ അകലെ നീലാകാശം,പ്രാണ സഖിയുംമാട്ടും കേട്ട് കിടന്നു...യേശുദാസിന്റെയും നസീറിന്റെയും വയലാറിന്റെയും ആരാധകനായ അച്ഛനു അന്ന് സ്വന്തമായി ഉണ്ടായിരുന്ന മറ്റൊരു കാസ്സെട്റ്റ് ആയിരുന്നു വയലാർ കവിതകൾ ...മരം,സ്വർഗവാതിൽ പക്ഷി ചോദിച്ചു..,കായലിനക്കരെ പോകാൻ...,അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം...എന്നിവയും അങ്ങനെ എന്റെ ഓർമകൾക്ക് സ്വന്തമായി...
                  ഇടയ്ക്കു വിരുന്നു വന്ന മാമൻ ആണ് മിമിക്സ് പരേഡുകളുടെ ശബ്ദരേഖകൾ തന്നത്..അത് കേൾക്കാനായി ഞങ്ങളുടെ അയൽവാസികളും .എത്തിയിരുന്നു..
                  അവധിക്കു നാട്ടില പോകുമ്പോൾ കണ്ടിരുന്ന സിനിമകളുടെ ഓർമ പുതുക്കിയതും ശബ്ദരേഖകളിലൂടെയാണ് ..മണിച്ചിത്ര ത്താഴും,തേന്മാവിൻ കൊമ്പത്തും ശബ്ദങ്ങളിലൂടെ ഞങ്ങൾ കണ്ടു...പിന്നീട് ആകാശവാണിയും സിനിമകളുടെ ശബ്ദരേഖകൾ സംപ്രേഷണം ചെയ്തു തുടങ്ങി...
                   ടി.വി.യും പലവിധ ചാനെലുകളും സ്വീകരണ മുറികളിൽ സ്ഥാനം പിടിച്ചെങ്കിലും ആകാശവാണിയുടെ നാടക മത്സരങ്ങൾ പോലുള്ള പരിപാടികൾ കലാ മൂല്യമുള്ള പരിപാടികൾ മനസ്സില് നിന്നും മാഞ്ഞില്ല..
                     വളരെ നാളുകൾക്കു ശേഷം റേഡിയോയിൽ വയലും വീടും പരിപാടിയുടെ മ്യൂസിക്‌ കേട്ടപ്പോൾ ഞാൻ ആ കാലം ഓര്ത്തു പോയി.....

Sunday, November 17, 2013

എന്റെ പ്രണയത്തെ എന്റെ ആദർശം വിഴുങ്ങി....
നീ എന്തിനു വേണ്ടിയാണ് കാത്തു നില്ക്കുന്നത്,
ചിതലരിച്ച എന്റെ ചിന്തകൾക്കോ 
ചിത്തഭ്രമം ബാധിച്ച എന്റെ മനസ്സിനോ?
അപരാജിതമായ എന്റെ അഹങ്കാരമേ എന്റെ കയ്യിലുള്ളൂ,
നിറമാർന്ന എന്റെ സ്വപ്‌നങ്ങൾ കെട്ടടങ്ങി,
നിനക്കായി കരുതിയതൊക്കെയും കളഞ്ഞു പോയി..

Friday, November 15, 2013

കാര്യം പ്രകൃതി നിലനില്ക്കേണ്ടത് അത്യാവശ്യമാണെങ്കിലും മനുഷ്യന്റെ കാര്യം കൂടി നോക്കണ്ടേ...ഈ പ്രകൃതി വാദികളോ റിപ്പോർട്ട് നടപ്പാക്കാൻ വാദിക്കുന്നവരോ ഇവിടെ വന്ന് ഇത് പോലെ ഒന്ന് ജീവിക്കുമോ? അല്ല നിങ്ങൾക്ക് പ്രകൃതിയെ അത്രയ്ക്ക് ഇഷ്ടമാണേൽ അതല്ലേ നല്ലത്... ഇപ്പോഴും വയനാട് ചുരത്തിലൂടെ ഒരേ സമയം രണ്ടു വാഹനങ്ങള കടന്നു പോകുന്ന സ്ഥലങ്ങൾ കുറവാണ്,അതായത് രണ്ടു രോഗികൾക്ക് ഒരേ സമയം ചികിത്സ കിട്ടില്ല,
          ഇതിനു പ്രതിവിധി ആയി ചുരത്തിനു ഒരു ബദൽ റോഡ്‌ പണിയുകയോ,വയനാടിനു മെഡിക്കൽ കോളേജ് അനുവദിക്കുകയോ ചെയ്യണമെന്ന ആവിശ്യം പണ്ടേ ഉയർന്നിരുന്നു ,എന്നാൽ സ്ഥല ദൌർലഭ്യം,പ്രകൃതിക്ക് ദോഷമാകും എന്നൊക്കെ പറഞ്ഞ് അതെല്ലാം തള്ളിയ ഗവണ്മെന്റ് തന്നെ ഇപ്പോൾ വിംസ് (വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ന് സ്ഥലവും സൌകര്യങ്ങളും അനുവദിച്ചത്...ഇവരുടെ മെയിൻ ഗേറ്റ് മുതൽ ഓഫീസ് വരെ കിലോമീറ്ററുകളോളം ഇന്റർ ലോക്ക് നടപ്പാത ഒരുക്കിയപ്പോൾ പൊത്തിൽ പോയി ഒളിച്ച പരിസ്ഥിതി വാദികൾ ഇപ്പൊ എവിടെ നിന്നു വന്നു....
               പ്രകൃതിയെയും വന്യ ജീവികളെയും സംരക്ഷിക്കാൻ മുറവിളി കൂട്ടുന്നവർ ഒന്ന് മനസ്സിലാക്കുക,മനുഷ്യനും പ്രകൃതിയിലെ ഒരു ജീവി തന്നെയാണ്,കഴിഞ്ഞ കാലങ്ങളിൽ ഇവിടെ വന്യജീവികളുടെ ആക്രമണത്തിൽ സ്വത്തും ജീവനും നഷ്ടപ്പെട്ട സാധാരണക്കാരുടെ എണ്ണം ചെറുതല്ല,എന്നാൽ പ്രകൃതിക്കും വന്യജീവികൾക്കും നഷ്ടമുണ്ടായത് ഇവരുടെ കൃഷിയോ താമസമോ കൊണ്ടല്ല,മറിച്ച് ടൂറിസത്തിന്റെ പേരിലും മറ്റുമായി വൻതോതിൽ കയറിക്കൂടിയ റിസോർട്ട് - ഭൂ മാഫിയകൾ മൂലമാണ്...
              ഇവിടെ പലരും ഇപ്പോഴും നഷ്ടങ്ങൾ സഹിച്ചും കാടിനോടും മൃഗങ്ങളോടും എതിർത്തും ഇവിടെ ജീവിക്കുന്നത് വേറെങ്ങും പോകാൻ ഇടമില്ലാത്തത് കൊണ്ടാണ്,വേറൊരു ഗതിയുമില്ലാത്തതു കൊണ്ടാണ്...അത് കൊണ്ട് തന്നെയാണ് പല കർഷക ജീവിതങ്ങളും ഇവിടെ കീടനാശിനിയിലും കയറിലും ഒതുങ്ങി തീര്ന്നത്..

Monday, November 11, 2013

ഒരു സിനിമ അതിനെ ഇത്രയും ടെൻഷൻ അടിച്ചു കാണാൻ കഴിയുമെന്നു ഞാൻ കരുതിയില്ല...ഇത് കാണുന്നവരെല്ലാം ഇതിലെ നായകനാകും,മറ്റു കഥാപാത്രങ്ങളാകും ,ഇവരെയെല്ലാം നമുക്ക് പരിചയമുള്ളവരാകും ....ഒരു നല്ല സിനിമ എന്ന് ഒറ്റ വാക്കിൽ പറയാൻ കഴിയുന്നതിൽ ഖേദിക്കുന്നു,അതിലും നല്ലൊരു വാക്ക് എനിക്ക് അറിയില്ല....ചിത്രം 'ഷട്ടർ'
           ലാൽ,ശ്രീനിവാസൻ എന്നീ അഭിനേതാക്കൾ നമുക്ക് പരിചയമുള്ളവരായിട്ടു കൂടി ശക്തമായ ഒരു തിരക്കഥയുടെ ഒപ്പം ചുവടു വെക്കുന്നത് പ്രശംസനീയമാണ്,വിനയ് ഫോർട്ട്‌ എന്ന നടൻ തന്റെ സ്വന്തം ശൈലിയിലൂടെ അവർക്കൊപ്പം ചേരുമ്പോഴും സജിത മഠത്തിൽ,റിയ സൈറ എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നു...ലാലിന്റെ ഭാര്യ ആയി അഭിനയിച്ച നിഷ ജോസഫ്‌ പരിമിതമായ ഡയലോഗിലും നല്ല അഭിനയം പ്രേക്ഷകർക്ക്‌ സമ്മാനിക്കുന്നു...കാമ്പുള്ള കഥയും ശക്തമായ തിരക്കഥയും മികവുറ്റ പ്രകടനങ്ങളും മാത്രമല്ല,ചിത്രത്തിൻറെ രചയിതാവും സംവിധായകനുമായ ജോയ് മാത്യു സമ്മാനിക്കുന്നത്,മറിച്ച് ഓരോ രംഗവും താൻ തന്നെയാണ് എന്ന് പ്രേക്ഷകന് തോന്നലുളവാക്കാൻ അദേഹത്തിന് കഴിഞ്ഞു എന്ന് ചിത്രം കാണുന്നവർക്ക് തോന്നിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് സംശയാതീതമാണ്..
               ഷട്ടർ എന്ന സിനിമ ഒരിക്കലും കാണുകയല്ല ,ഓരോ രംഗവും നിങ്ങൾ അനുഭവിക്കുകയായിരിക്കും എന്ന് ഞാൻ മുൻ‌കൂർ പറയുന്നു,ആസ്വാദനത്തിനുപരി അനുഭവം മുന്നിട്ട് നില്ക്കുന്ന സിനിമ....

Sunday, November 3, 2013

2007-2008 എം.ജി.യൂണിവേര്സിറ്റി ഫെസ്റ്റ് കോട്ടയത്ത് നടക്കുന്ന സമയം..തിരുനക്കര മൈതാനം(1),സി.എം.എസ്.കോളേജ്,ബസേലിയസ് എന്നിവിടങ്ങളിൽ ആണ് വേദികൾ...പല സ്ഥലങ്ങളിൽ നിന്ന് വന്ന മത്സരാർഥികളും,രക്ഷകർത്താക്കളും,വാളന്റിയെർസും ....മൊത്തത്തിൽ അടിപൊളി.... എസ്.എഫ്.ഐ.യുടെ അന്നത്തെ ജില്ലാ സെക്രട്ടറി സോജൻ ഫ്രാൻസിസ്,പ്രസിടന്റ്റ് എ.കെ.രജീഷ്,യൂണിയൻ ജെനറൽ സെക്രട്ടറി മഹേഷ്‌ ചന്ദ്രൻ മറ്റു നേതാക്കൾ,യൂണിയൻ മെംബേർസ് എന്നിവരുടെ നേതൃത്വത്തിൽ വളരെ ചിട്ടയായി പരിപാടികൾ മുന്നേറി,കോട്ടയം നിവാസികളുടെ സഹകരണവും എടുത്തു പറയേണ്ടതാണ്,എല്ലാറ്റിനുമുപരി പല കോളേജുകളിൽ നിന്നു വന്ന എസ്.എഫ്.ഐ.യുടെ അംഗങ്ങളായ വൊലന്റിയെർസിന്റെ ഐക്യം പറഞ്ഞരിയിക്കാനാവാത്തതാണ്...പലരും തമ്മിൽ പരിചയമില്ലെങ്കിൽ പോലും 'സഖാവേ' എന്ന ഒറ്റ വിളിയിൽ ഒരുമിച്ചു പ്രവർത്തിച്ചു പോന്നു...അവരിൽ ഒരാളാകാൻ എനിക്കും ഭാഗ്യം കിട്ടി...തിരുനക്കര സ്റ്റാന്റ് നു എതിർ വശത്തെ തുറസ്സായ സ്ഥലത്തായിരുന്നു ഞങ്ങളുടെ ഭക്ഷണവും വിശ്രമവും ഒരുക്കിയത്...ഒരേ മനസ്സോടെ അപരിചിതരായ പലരും അവിടെ ഒരുമിച്ചു.....

    ഈ സ്ഥലത്ത് കുറച്ചു മാറി ഒരു ആൽമരവും തറയും ഉണ്ട്,അവിടെ ഒരു വൃദ്ധനും രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉണ്ടാകും....ആ സ്ത്രീകൾ ശരീരം വിറ്റു ജീവിക്കുന്നവർ ആയിരുന്നെങ്കിലും അവരെ ഇപ്പോഴും മോശം അർഥം വരുന്ന ഒരു വാക്കിലും ഒതുക്കാൻ എനിക്ക് വിഷമമുണ്ട്...ഞങ്ങളുടെ ഭക്ഷണത്തിൽ ഒരു പങ്ക് ആരെങ്കിലുമായിട്ടു അവർക്ക് ആ ദിവസങ്ങളിൽ കൊടുത്തിരുന്നു.....

      മൂന്നാമത്തെ ദിവസം രാത്രി ഒരു പതിനൊന്ന് മണി ആയിട്ടുണ്ടാകും,മുഖ്യ വേദി ആയ തിരുനക്കര മൈതാനിയിൽ പരിപാടികൾ കഴിഞ്ഞതിനാലാ തെരുവ് വിജനമായിരുന്നു...എന്തോ ബഹളം കേട്ട് ഞാൻ ഓടി ചെന്നപ്പോൾ ആ വൃദ്ധൻ തെറി പറയുകയും,ആ സ്ത്രീകൾ മാറി നിന്ന് കരയുകയുമാണ് ...ഞാൻ കാര്യം തിരക്കി,സംഭവം ഇങ്ങനെ,...ആരോ രണ്ടു പേര് അവിടെ വന്ന് സിഗരറ്റ് വലിച്ചു ചുറ്റിപറ്റി നിന്നു ,അപ്പോൾ ഇവർ കിടക്കുകയാരുന്നു..അവരുടെ കുട്ടി പാല് കുടിച്ചുകൊണ്ടും.... ഈ സിഗരട് വലിച്ചു കൊണ്ടിരുന്നവരിൽ ഒരുത്തൻ വന്നു ഈ സ്ത്രീയുടെ മുലയിൽ പിടിച്ചിട്ടു ഓടി കളഞ്ഞു... ഞാൻ പറഞ്ഞു നമുക്ക് തിരക്കാം ആരാണെന്ന്... വൃദ്ധൻ പറഞ്ഞു നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവന അല്ല,കാര്യം രണ്ടു ദിവസമായി ഇവിടെ വന്ന് ഒരുവിധം മുഖങ്ങള അയാൾക്ക് പരിചയമുണ്ട്... ഞാൻ മറ്റുള്ളവരെ വിവരമറിയിക്കാനായി ഫോണ്‍ എടുത്തപ്പോൾ ആ വൃദ്ധൻ എന്റെ തോളത്തു പിടിച്ച് നാടകീയമായി പറഞ്ഞു,"രണ്ടു മുലയിലും പിടിച്ചു അതാ സഹിക്കാൻ പറ്റാത്തത്..."....
   എന്തായാലും അവനെ കയ്യിൽ കിട്ടുകയും വേണ്ട വിധത്തിൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു....

     പക്ഷേ ജീവിക്കാൻ വേണ്ടി ശരീരം വില്ക്കുന്ന അവരുടെ മാനത്തിന്റെ വില,അല്ല മൂല്യം എനിക്ക് അന്ന് മനസ്സിലായി.....കൊല്ലുന്നവന്റെ ജീവനും വിലയുള്ളതാണ് എന്നത് പോലെ... അവരുടെ അന്നത്തെ കരച്ചിൽ ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു ....
ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാൻ ലെർനെസിന്റെ ക്ലാസ്സിൽ പോയി,ക്ലാസ്സിൽ വെച്ച് ക്ലാസ് എടുത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചോദിച്ചു,ഡീസൽ കണ്ടുപിടിച്ചത് ആരാണെന്ന്....ആര്ക്കും അറിയില്ല,ആ സാർ തന്നെ പറഞ്ഞു ഡീസൽ കണ്ടു പിടിച്ചയാളുടെ പേരും ഡീസൽ എന്നാണു,അത് ഞാൻ കണ്ടു പിടിച്ചിരുന്നെങ്കിൽ എന്റെ പേര് ഇട്ടേനെ എന്ന്.... ആ സാറിന്റെ പേര് "ശശി" എന്നായിരുന്നു...

       ഒന്ന് ഓർത്ത്‌ നോക്കികെ,ഒരാൾ വണ്ടിയുമായി പെട്രോൾ പമ്പിൽ വരുന്നു,"ചേട്ടാ ഒരു ലിറ്റർ 'ശശി' അടിച്ചേ..."
പത്രത്തിൽ വാർത്ത 'ശശിക്ക് ഒരു രൂപ കൂടും...'  ആഹഹ,എത്ര മനോഹരമായ ലോകം.....

Friday, November 1, 2013

മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഞാൻ പഠിച്ചതിനു
മണ്ണാങ്കട്ടയുടെ വില പോലുമുണ്ടായില്ല ...

ടൂര് പോകാൻ വീട്ടില് നിന്നും ഫണ്ട് പാസാകുന്നില്ലേ?????
സൌജന്യമായി ടൂർ പോകാൻ ഞാൻ ഒരു എളുപ്പവഴി പറഞ്ഞു തരാം,
1.കണ്ണിൽ കാണുന്ന എല്ലാ ജോലിക്കും അപേക്ഷിക്കുക,എന്നിട്ട് സെന്റർ ആയി നിങ്ങള്ക്ക്   പോകാൻ ഇഷ്ടമുള്ള സ്ഥലം വെക്കുക...
2.ഹാൾ ടിക്കെറ്റ് വരുമ്പോൾ നിങ്ങൾക്ക് എഴുതാൻ താല്പര്യമില്ല,എഴുതിയിട്ട് കാര്യമില്ല എന്നൊക്കെ പറയുക,(നിരാശ,അപകര്ഷത,മോഹഭംഗം എന്നീ ഭാവങ്ങൾ മുഖത്തു തേച്ചു പിടിപ്പിക്കുക..)
3.വീട്ടുകാരോട് പറയുമ്പോൾ ഏറ്റവും ചെലവു കൂടിയ വഴി പറയുക,അതിനുള്ള കാശ് വാങ്ങിയിട്ട് തറ ടിക്കറ്റിൽ പോവുക..
4.പലതുള്ളി പെരുവെള്ളം,പണം ബന്ധങ്ങൾ പോലെയാണ്..എത്രയുണ്ടോ അത്രയും നല്ലത്.. എന്നീ മഹദ് വചനങ്ങൾ ഒര്ക്കുക്ക,അതിനാൽ  അമ്മൂമ്മയുടെ മുറുക്കാൻ പൊതിയും അനിയന്റെ ബൊക്സും മറക്കാതെ തപ്പുക...
5.കൂട്ടുകാര് എല്ലാവരും കൂടി അപേക്ഷിക്കുക,എന്നിട്ട് നിങ്ങള്ക്ക് വഴി അറിയില്ല,കൂട്ടുകാരനെയും കൂട്ടണം എന്ന് പറയുക,(പകുതി വണ്ടികൂലിയെ കൂട്ടുകാരന് വേണ്ടി പാസ് ആകൂ,കൂടുതൽ ബലം പിടിച്ചു ഉള്ളത് കളയണ്ട..)
6.നിങ്ങൾ അപേക്ഷിച്ചത് ഒരുപാട് ആളുകളോട് പറയണ്ട,അയല്കൂട്ടത്തിലെ മെമ്പർ ആയ അമ്മയെയും,സംസാരിക്കാൻ പ്രായമായ പെങ്ങളെയും സൂക്ഷിക്കുക,പണി വരുന്ന വഴി കാണില്ല
7.കൂട്ടുകാര് വരുന്ന കാര്യം ആരൊക്കെ അറിഞ്ഞാലും കാമുകി അറിയരുത്,അഥവാ അറിഞ്ഞാൽ ,ചക്കരെ നിനക്ക് ഞാൻ 'എന്തൊക്കെ' വാങ്ങണം എന്ന് നേരത്തെ ചോദിക്കുക...
ഇതൊന്നും ഒരു പി എസ്  സി കോച്ചിംഗ് സെന്ററിലും കിട്ടില്ല...ഓർത്തോ ....
നിനക്കായി എന്റെ രക്തം കൊണ്ടൊരു കവിത എഴുതാം ഞാൻ,
നിനക്ക് പിച്ചി ചീന്തി എറിയാനുള്ള കടലാസിലല്ല,
കരിങ്കല്ല് പോലുള്ള നിന്റെ ഹൃദയത്തിൽ....