Thursday, October 31, 2013

ആരെന്തൊക്കെ പറഞ്ഞാലും എനിക്ക് അച്ഛനോടാണ് കൂടുതൽ ഇഷ്ടം,എന്നെ ഒന്ന് തല്ലണമെങ്കിൽ അച്ഛൻ വടി എടുത്തുകൊണ്ടു വന്നു,(മിക്കവാറും ആരോടെങ്കിലും വടി കൊണ്ടു വരാനേ പറയൂ..) തല്ലുകയുള്ളൂ,ഞാൻ ഓടിയാൽ പുറകെ വരികയും ഇല്ല...പക്ഷേ അമ്മ അങ്ങനെയല്ല,കയ്യിൽ കിട്ടുന്നത് വെച്ച് വീക്കും,മിക്കവാറും ചെയ്സ് ചെയ്തു പിടിക്കുകയും ചെയ്യും....വെരി ഡെയിഞ്ചറസ് .....

Tuesday, October 29, 2013

അന്നൊരു ദിവസം...

രെജിത് പറയുന്നത് കേട്ടപ്പോൾ തന്നെ എന്റെ തലകറങ്ങി,അവന്റെ കയ്യിൽ പിടിച്ചു വലിച്ചു മാറ്റി നിർത്തി ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു,"എടാ ഞങ്ങളെ ഒരുമിച്ചു ആരെങ്കിലും കണ്ടാൽ .. എനിക്ക് പിന്നെ എന്റെ വീട്ടിൽ കേറാൻ പറ്റില്ല,നിനക്കറിയാല്ലോ,അല്ലെങ്കിലെ വീട്ടിൽ വഴക്കിനു ഒരു കുറവും ഇല്ല,ഇതും കൂടി അറിഞ്ഞാ തീർന്നു ..."
"എടാ ആരും അറിയില്ല,നീ ഇവിടുന്നേ ഒരു ബസിൽ കേറി ഇവലുമായി പോവുക,അവനെ കണ്ടു കഴിഞ്ഞാൽ അടുത്ത വണ്ടിക്കു തിരിച്ചു പോരുക,കണ്ടില്ലെങ്കിലും..."രെജിത് ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു ... ഞാൻ അവന്റെ പുറകിൽ മെലിഞ്ഞ് ഇരു നിറമുള്ള ഒരു പെണ്‍കുട്ടി..എവിടെക്കെയോ നോക്കി നില്ക്കുന്നു,ഒന്നിലും ശ്രെദ്ധിക്കുന്നില്ല ,താൻ ഈ ലോകത്തേയുള്ള ആളല്ല എന്നാ ഭാവം..."എടാ എന്നാലും...." ഞാൻ എന്റെ പരമാവധി ദയനീയ സ്വരത്തിൽ പറഞ്ഞു..."ഒരു എന്നാലും ഇല്ല,നീ പോയേ ,എനിക്ക് ട്രെയിനിന് സമയമായി,ശ്രീജെ,ഇങ്ങു വന്നേ ,ഞാൻ പറഞ്ഞില്ലേ എന്റെ ഫ്രെണ്ടിനെ പറ്റി ,"
മനസ്സിലായി,അവൾ ഇടയ്ക്കു കേറി പറഞ്ഞു,"ഞാൻ ശ്രീജ"അവൾ കൈ നീട്ടി,ഞാൻ യാന്ത്രികമായി കൈ നീട്ടി..."അപ്പൊ ഞാൻ പോട്ടെ"രെജു പറഞ്ഞു,എനിക്ക് അവനോടുള്ള ദേഷ്യവും സങ്കടവും ഇരച്ചു വന്നു,ഞാൻ ഒന്നും പറഞ്ഞില്ല,ഇവന്റെ വിളി കേട്ട് വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ...എന്താ കാര്യം എന്ന് പോലും ചോദിക്കാതെ..."നമുക്ക് പോകാം..."അവൾ പറഞ്ഞപ്പോഴാണ് ഞാൻ ഓർമയിൽ നിന്നും ഉണർന്നതു ...രെജു നടന്നു ദൂരെ എത്തി... ഞാൻ ചുറ്റും നോക്കി,ഭാഗ്യം പരിചയമുള്ള ആരും ഇല്ല,ആരെങ്കിലും കണ്ടാലോ...എനിക്ക്ഉള്ളിൽ പേടി കയറി തുടങ്ങി.... "ഇയാള്ക്കു പേടി ഉണ്ടോ?"..അവളുടെ ശബ്ദം..... ഏ... ഏയ്‌ ..ഇല്ലില്ല... ഞാൻ ചിരിക്കാൻ ശ്രെമിച്ചു ...എങ്കിലും എന്റെ ഉള്ളിൽ  പെരുമ്പറ മുഴങ്ങികൊണ്ടിരുന്നു...ബസിൽ കയറി,അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു,ഞാൻ പറഞ്ഞു,ദാ  അവിടെ സീറ്റ് ഉണ്ട്... സാരമില്ല, അവൾ പിറുപിറുത്തു...
ടിക്കറ്റ്‌ ടിക്കറ്റ്.... എങ്ങോട്ടാ ..ഞാൻ പേർസ്‌ എടുത്തുകൊണ്ടു ചോദിച്ചു... വിയ്യൂർ ...അവൾ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..രണ്ട് വിയ്യൂര്.. കണ്ടക്ടർ ബാക്കിയും ടിക്കെറ്റും തന്നു...കണ്ടക്ടർ പോയപ്പോൾ അവൾ ചോദിച്ചു.."രെജിത് എന്നെ പറ്റി ഒന്നും പറഞ്ഞില്ലേ?" ഞാൻ ഒന്നും പറയാൻ കിട്ടാതെ മിഴിച്ചിരുന്നു..."ഇയാൾ  സംസാരിക്കില്ലേ?"അവൾ ചോദിച്ചു... ഞാൻ ഉമിനീരിറക്കി കൊണ്ട് പറഞ്ഞു.."എങ്ങോട്ടാ പോകേണ്ടതെന്ന് പോലും പറഞ്ഞിട്ടില്ല.." ശെരി...അവൾ നേരെ ഇരുന്നു കൊണ്ട് പറഞ്ഞു.."നമ്മൾ പോകുന്നത് വിയ്യൂര് ജെയിലിലെക്കാണ് ,ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു..അല്ല ഞങ്ങൾ ഒരുമിച്ചു താമസിച്ചു വരികയാരുന്നു..,അവനെ കാണാനാണ് പോകുന്നത്.." എന്നെ ഒന്ന് നോക്കിയിട്ട് അവൾ തുടർന്നു .."എന്റെ അച്ഛൻ മരിച്ചു പോയതാണ്,അമ്മയും അനിയനും ഞാനും മാത്രമാണ് താമസം..ഇവൻ മുസ്ലിം ആയിരുന്നു,വീട്ടുകാരുടെ എതിർപ്പ്  കൂടി വന്നപ്പോൾ എനിക്ക് വേറെ വഴി ഇല്ലായിരുന്നു,സലിം അതാണ്‌ പേര്,ഇടയ്ക്കു വണ്ടി ഓടിക്കാൻ പോകും,ഇടയ്ക്കു വർക്ക്‌ ഷോപ്പിലും..ഇടയ്ക്കു ഒന്ന് രണ്ടു പ്രാവിശ്യം പോലീസ് തിരക്കി വന്നു,ഞാൻ ചോദിച്ചപ്പോൾ വണ്ടി മോഷ്ടാക്കളെ പറ്റി അന്വേഷിച്ചു വന്നതാണെന്ന് പറഞ്ഞു...പിന്നെയാ ഞാൻ അറിഞ്ഞത് സലിം കൂലിക്ക് തല്ലാൻ പോകാറുണ്ടെന്നു ..അപ്പോഴേക്കും ഒരുപാട് താമസിച്ചു പോയി,ഒരു കുടുംബത്തിലെ നാല് പേരെ കൊന്നതിനു സലിമും കൂട്ടുകാരും ആരെസ്ടിലായി....." ഇപ്പോഴാണ് എനിക്ക് ശെരിക്കും തലകറക്കം വന്നത്....ഞാൻ പത്രത്തിൽ വായിച്ചത് ഓർത്തു നാല് വയസ്സുള്ള ഒരു കുട്ടിയെ അടക്കം നാല് പേരെ കൊട്ടേഷൻ സംഘം വെട്ടികൊന്നത്..."എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.."അവൾ തുടർന്നു ..."കാര്യങ്ങൾ അറിഞ്ഞ് അമ്മയും അമ്മാവന്മാരും വന്ന് എന്നെ കൂട്ടികൊണ്ട് പോയി , പിന്നെ ഒരു തരാം വീട്ടു തടങ്കലിൽ ആയിരുന്നു,ഇന്ന് അമ്മ അമ്മാവന്റെ വീട്ടില് പോയിരിക്കുകയാ ,ഇന്ന് അവനെ കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ...."അവൾ നിർത്തി എന്നെ നോക്കി..ഞാൻ ഒന്നും മിണ്ടാതെ താഴേക്കു നോക്കി...അവൾ ചോദിച്ചു.."ഇത്രേം ധൈര്യം ഞാൻ എങ്ങനെ കാണിക്കുന്നു എന്ന് തോന്നുന്നുണ്ടോ?"
ഇല്ല..ഞാൻ പറഞ്ഞു..."ധൈര്യമുള്ള പെണ്‍കുട്ടികളെ ഞാൻ ഇതിനു മുന്പും കണ്ടിട്ടുണ്ട്.."ഞാൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു...
പിന്നീട് ഞങ്ങൾ സംസാരിച്ചില്ല...

സ്റ്റോപ്പ്‌ എത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി.. വിജനമായ റോഡ്‌..ഒന്ന് രണ്ടു കടകള മാത്രം..ജയിലിന്റെ കവാടം വരെ നടന്നു..അവൾക്കു ഇപ്പോഴും പഴയ ഭാവം...ഞാൻ വിസിറ്റെർസിനുല്ല ഫോം പൂരിപ്പിച്ചു കൊടുത്തു ...ബെല്ൽ അടിച്ചപ്പോൾ സന്ദര്ശകര്ക്കുള്ള സമയമായി എന്ന് മനസ്സിലായി..ഞങ്ങളെ കൂടാതെ മറ്റു മൂന്നു നാല് പേര് കൂടി അവിടെ ഉണ്ടായിരുന്നു....അവരോടൊപ്പം അവളും നടന്നു നീങ്ങി... കൊടി മരത്തിനു മൂന്നു ജെയിൽപുള്ളികൾ പണിയെടുക്കുന്നുണ്ടായിരുന്നു... ജയിലിന്റെ വലിയ മതിലിൽ ഞാൻ നോക്കി.. അതിനുള്ളിൽ കുറെ ജീവിതങ്ങൾ .....പുറത്തു അവരെ ചുറ്റിപറ്റി ഇത് പോലെ കുറെ ജീവിതങ്ങൾ വേറെയും...

പത്തു മിനിറ്റ് കഴിഞ്ഞില്ല,അവൾ തിരികെ വന്നു...ദൂരത്തു നിന്നേ കണ്ണും തുടച്ചാണ് വരവ്,എന്റെ അടുത്തു വന്നു പറഞ്ഞു "പോകാം"ഞാൻ മിണ്ടാതെ നടന്നു..പുറകെ അവളും....

സ്റ്റാൻഡിൽ ചെന്നപ്പോഴേ നേരിട്ടുള്ള ബസ്‌ കിട്ടി... ഞങ്ങൾ യാത്രയിൽ ഒന്നും മിണ്ടിയില്ല,സ്റ്റൊപ്പ് എത്തിയപ്പോൾ സമയം ഏഴു മണി..പതിവില്ലാതെ നല്ല ഇരുട്ട്...അവൾ പറഞ്ഞു "അമ്മ വന്നിട്ടുണ്ടാകും,ഇനി എന്താകുമെന്നു അറിയില്ല..നമുക്ക് തോട്ടത്തിലൂടെ പോകാം..." ഞാൻ മിണ്ടാതെ നടന്നു....ആ ചെറിയ ഇടവഴിയിൽ നിന്നു ഞങ്ങൾ ഒരു റബ്ബർ തോട്ടത്തിലേക്ക് കയറി..ഒരു വശം വലിയ കുഴി ആണ്..ചീവീടിന്റെ കരച്ചിലും ഞങ്ങൾ നടക്കുമ്പോൾ ഞെരിയുന്ന കരിയിലയുടെ ഒച്ചയും മാത്രം കുറെ നടന്നപ്പോൾ ദൂരെ വെളിച്ചം കണ്ടു... വല നിന്നു ,ഞാനും വെളിച്ചം കാണുന്നിടത്തെക്ക് കൈ ചൂണ്ടി അവൾ പറഞ്ഞു"ആ രണ്ടാമതു കാണുന്നതാണ് എന്റെ വീട്..ഞാൻ അപ്പുറത്തെ വീട്ടിലെ ചേച്ചിയെ ഒന്ന് വിളിച്ചു നോക്കട്ടെ.."അവൾ മൊബൈൽ എടുത്തു ഷാൾ കൊണ്ട്,വെളിച്ചം കാണാത്ത വിധത്തിൽ പൊതിഞ്ഞു പിടിച്ച് അടക്കത്തിൽ എന്തോ സംസാരിച്ചു...ഫോണ്‍ കട്ട് ചെയ്തിട്ടു സന്തോഷത്തോടെ പറഞ്ഞു.."ഭാഗ്യം അമ്മ വന്നിട്ടില്ല.."   "അവൻ എന്ത് പറഞ്ഞു?" ഞാൻ ചോദിച്ചു..
അവൾ നിരാശയോടെ തല കുനിച്ചു...."ഇനി പോകുമല്ലോ...ഞാൻ പൊയ്ക്കോട്ടെ..."ഞാൻ ചോദിച്ചു.." ഇന്ന് വീട്ടിൽ ഞാൻ തനിച്ചേ ഉള്ളൂ..."അവൾ മുഖമുയർത്താതെ പറഞ്ഞു..."കാണാം..."ഞാൻ പറഞ്ഞിട്ട് തിരിച്ചു നടന്നു....

ഒരു വിധത്തിൽ ഞാൻ ആ ഇരുട്ടിൽ നിന്ന് രക്ഷപെട്ട് ഒരിക്കൽ കൂടി വെളിച്ചത്തിലേക്കും ആളുകളുടെ ബഹളങ്ങളിലേക്കും എത്തി... കിട്ടിയ ബസിൽ കയറി റൂമിലേക്ക്‌ പോന്നു...

റൂം തുറന്നു,ഭാഗ്യം കുപ്പിയിൽ വെള്ളം ഉണ്ട് അതും കുടിച്ച് ഞാൻ കട്ടിലിൽ നീണ്ടു നിവർന്നു  കിടന്നു..ഞാൻ ഇന്നത്തെ ദിവസത്തെ കുറിച്ച് ഓർത്തു ..എപ്പഴോ ഉറങ്ങി.........


മാസങ്ങൾ കഴിഞ്ഞു...പതിവ് പോലെ അമ്മയുടെ ശകാരം കേട്ട് ഞാൻ ഉണർന്നു ...."പാതിരാത്രി വരെ തെണ്ടുക ഉച്ച വരെ ഉറങ്ങുക..."അമ്മ പിറ് പിറുത്തു കൊണ്ട് എന്റെ അടുത്തു കൂടെ പോയി...ഞാൻ ഒരു ഗ്ലാസ് കട്ടൻ ചായയും എടുത്തു കൊണ്ട് പത്രം വായിക്കാൻ ഇരുന്നു...പേജുകൾ മറിക്കുമ്പോൾ ഒരു വാർത്ത എന്റെ കണ്ണില പെട്ടു ...പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ലോറി ഇടിച്ചു മരിച്ചു...കൊച്ചി.പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ആയ സലിം(30)ആണ് മരിച്ചത്,നാല് പേരെ കൊന്ന കേസിലെ മൂന്നാം പ്രതി ആയിരുന്നു ഇയാൾ......ലോകം മുഴുവൻ എനിക്ക് ചുറ്റും കറങ്ങുന്നതായി എനിക്ക് തോന്നി......

ഫോണ്‍ ബെല്ലടിച്ചു......രെജിത് ആണ്..."എടാ നീ അറിഞ്ഞോ അടുത്ത ആഴ്ച ശ്രീജയുടെ കല്യാണമാണ്......"
എന്റെ മനസ്സ് അപ്പോഴേക്കും അന്നത്തെ ആ ദിവസത്തിലേക്ക് പറന്നിരുന്നു ........

Sunday, October 27, 2013

ടി.വി.യിൽ രക്തസാക്ഷി മണ്ഡപത്തിലേക്ക് പുറപ്പെടുന്ന ദീപശിഖാ പ്രയാണം കാണിച്ചപ്പോൾ നാല് വയസ്സുകാരൻ  കിച്ചു ചോദിച്ചു,നോക്ക് അമ്മമ്മേ,ആലപ്പുഴ തൊട്ടു അയാള് നടക്ക്വോ?...
ഞാൻ കണ്ണ് തുറന്നു ടി വി യിൽ നോക്കി ,ഒന്ന് പുഞ്ചിരിച്ചിട്ട് വീണ്ടും കണ്ണടച്ചു....

എന്റെ ഓർമയിൽ എവിടെയോ ഇൻഖിലാബ് മുഴങ്ങി.......

എടീ നീ അടിച്ചു കഴിഞ്ഞോ? അമ്മ അപ്പുറത്ത് നിന്ന് വിളിച്ചു ചോദിച്ചു,കഴിഞ്ഞെങ്കിൽ ആ ചരുവൻ കഴുകി വെച്ചേര് ....
"ആ ഞാൻ കുളിച്ചെച്ച്ചു വരുമ്പോ കൊണ്ടുവരാം"
"അയ്യോടി,എനിക്ക് ഇപ്പൊ കക്കാ പുഴുങ്ങാനാ"
"അമ്മാ,ഞാനിപ്പം കുളിക്കാൻ പോകും,എനിക്ക് ജാഥാ കാണാൻ പോണം..."
"ഉവ്വേ..ജാഥാ മൂന്നു മണിക്കാടി പെണ്ണെ,നീ ഈ പൊരിവെയിലത്തു എന്നാത്തിനു പോകിയെ?,അല്ലേലും ജെയ് വിളിക്കാൻ നിന്റെ അച്ഛൻ പോയിട്ടുണ്ട്,അതു മതി.."
"അമ്മ ഒന്ന് പോയെ....ദേ കരിയെല അടിച്ചു കൂട്ടിയിട്ടുണ്ട്,തീ പിടിപ്പിക്കാൻ നോക്ക്,ഞാൻ കുളിക്കാൻ പോണു..." തോര്ത്തും എടുത്തു തോട്ടിലേക്ക് ഒരു ഓട്ടമാണ് ... വേഗം കുളിച്ചു റോട്ടിൽ പോയിരുന്നു,പുന്നമരത്തിന്റെ വേരിൽ സ്ഥിരം ഒരു സീറ്റുണ്ട്,കണ്ണുകൾ  ചെറുതായി അടഞ്ഞു വന്നു,


മുൻപൊരിക്കൽ താൻ അച്ഛനോട് ചോദിച്ചു,അച്ഛൻ ഈ സമരത്തിൽ പങ്കെടുക്കാൻ പോയിട്ടില്ലേ?ഇല്ല,അച്ഛൻ പറഞ്ഞു,അന്ന് അച്ഛൻ പത്തു പതിനഞ്ചു വയസ്സ് കാണും,വാരലും കഴിഞ്ഞു ഞാനും അപ്പോപ്പനും വരുമ്പോ അമ്മക്ക് ദീനം കൂടി,അന്ന് ബോട്ടില്ല,വൈക്കത്ത് ഒരു വൈദ്യരുണ്ട്,അങ്ങോട്ട്‌ ഞങ്ങൾ എല്ലാരും കൂടി വള്ളത്തിൽ പോയി,അപ്പൊ ഇവിടെ സമരം തുടങ്ങി,അമ്മേടെ ദീനം മാറി ഞങ്ങള് തിരിചെത്തിയപ്പഴാ അറിഞ്ഞത് വെടി വെപ്പ് കഴിഞ്ഞതും,അത് കഴിഞ്ഞു പെലയന്റെം ചോകാൻമാരുടേം കുടിലുകളിൽ പട്ടാളം അഴിഞാടിയേന്നും...അന്ന് ഞങ്ങൾ ഇവിടെ ഉണ്ടാരുന്നെങ്കിൽ....പൂര്ത്തിയാക്കാൻ അച്ഛന് കഴിഞ്ഞില്ല..

ഇന്കിലാബ് വിളി അടുത്തു വന്നു,ജാഥയുടെ ഇടയിലായി അച്ഛൻ ഉണ്ടായിരുന്നു,പ്രസിടന്റിന്റെ കാറിൽ നാരങ്ങാവെള്ളം കുപ്പിയിലാക്കി വെച്ചത് അച്ഛൻ എടുത്തു തന്നു,അന്ന് പ്രസിടന്റിനു മാത്രേ കാറുള്ളൂ ,ഒറ്റപുന്നയിൽ  വയലാര് മണ്ഡപം വരെ ഇനി നടത്തമാണ്,തിരിച്ചിങ്ങോട്ടും ,വരുമ്പോൾ രാത്രി ആകും,അമ്മ കപ്പയും കക്കാറച്ചിയും പുഴുങ്ങി കാത്തിരിക്കും,അന്നൊന്നും അറിഞ്ഞില്ല ആ മണൽത്തരികളിൽ ചോര പടര്ന്നിരുന്നുവെന്നു,ഇന്ന് പഞ്ചാര മണ്ണിന്റെ കുന്നുകളില്ല ,നാട് വിട്ടു മകനോടൊപ്പം മെട്രോ സിറ്റിയിൽ ഫ്ലാറ്റിന്റെ മുകളിൽ  നിന്നും നോക്കുമ്പോൾ കാണുന്ന കെട്ടിടങ്ങളും അതിനെ കടന്നു വരുന്ന കാറ്റും,ചിലപ്പോഴെക്കെ ആ കാറ്റിൽ കേൾക്കാം പട്ടാളത്തിന്റെ ചവിട്ടു കൊണ്ട് കരയുന്നവരുടെ ഏങ്ങലടികൾ,അവരുടെ കണ്ണീരിന്റെ ഉപ്പുണ്ടാകും ആ കാറ്റിനു,അവരുടെ ചോര മണക്കാരുണ്ട് ....

ഓർമയിൽ എവിടെയോ ഇന്ഖിലാബ് മുഴങ്ങുന്നു...ഏറ്റു  വിളിക്കുന്നതാരാണ് ,പഞ്ചാര മണ്ണിന്റെ കുന്നുകളോ,ഒരു കയ്യിൽ കൊടിയും,മറ്റേ കയ്യിൽ നാരങ്ങാ വെള്ളവുമായി അച്ഛനോ.....

Saturday, October 12, 2013

അന്ന് തകര്ന്നു പോയത് എന്റെ ഹൃദയമായിരുന്നു
നഷ്ടമായത് എന്റെ ഓര്മകളുടെ കളിചെപ്പും,
നേടിയതോ,നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ
ഒരു പുതിയ വരിയും....

Saturday, October 5, 2013

ഓരോ യാത്രയും തുടങ്ങുന്നത് ഒരു ലക്‌ഷ്യം പൂര്ത്തിയാകാനുള്ള ആഗ്രഹത്തിൽ നിന്നാണ്.. പക്ഷെ ഓരോ യാത്രയും തീരുന്നത് എവിടെയാണ്? ആ ലക്ഷ്യത്തിലാണ്,അഥവാ ഒരു ആഗ്രഹ പൂർത്തീകരനത്തിലാണ്.... അതുകൊണ്ട് നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും തീരുന്നില്ല,തുടങ്ങുന്നതെ ഉള്ളൂ... ഓരോ യാത്രയും തുടങ്ങന്നത് ഒരു ആഗ്രഹത്തിൽ നിന്നാണ്, തീരുന്നത് പുതിയൊരു ആഗ്രഹത്തിന്റെ തുടക്കത്തിലാണ്‌... 





എനിക്കൊരു ആഗ്രഹമുണ്ട്........... മഞ്ഞിന്റെ വെള്ള പുതപ്പണിഞ്ഞ ,പച്ചപ്പുകല്ക്ക് മേൽ മഞ്ഞിന്റെ തൊപ്പി വെച്ച ആ നാട്ടിൽ പോകണം , ആ തടാകത്തിൽ ഇപ്പോഴും അവന്റെ കാമുകിയുടെ നാഭിയിൽ നിന്ന് വാര്ന്ന രക്ത വർണം ഉണ്ടാകും,ഒരു പക്ഷെ അവിടത്തെ സന്ധ്യകൾ ആ വര്നത്തെ കണ്ണെഴുതിയിട്ടുണ്ടാകാം...  എനിക്ക് കേള്ക്കാം എന്റെ കാലൊച്ച കാത്തിരിക്കുന്ന ആ അമ്മയുടെ ഹൃദയം മിടിക്കുന്നത്‌,തോക്കുകളുടെ ഗര്ജനം കേട്ട് തഴമ്പിച്ച ആ കാതുകൾ എന്റെ കാലൊച്ച കൃത്യമായി തിരിച്ചറിയുന്നു,ആ അമ്മയുടെ മകന്റെ ചോരയാൽ ഈ മഞ്ഞു തുള്ളികൾ നിറം മാറിയത് നിങ്ങൾ മറന്നോ......ഇവിടെ  റോസാ പുഷ്പങ്ങള്‍ക്കും കുങ്കുമ പൂക്കള്‍ക്കും ഈ നിറം നല്കിയത് ഇവരുടെ രക്തം കൊണ്ടാണ്?അതോ ഈ മണ്ണിന്റെ ആഗ്രഹമാണോ,നിറം കൂടുതൽ നല്കാൻ എന്റെ ഹൃദയത്തോട് ആവിശ്യപെടുന്നത്....എനിക്ക് പോകാതെ പറ്റില്ല, എന്നെ കാത്തിരിക്കുന്ന ആ അമ്മക്ക് വേണ്ടി ,അവന്റെ കാമുകിക്കു നല്കാനുള്ള റോസാ പുഷ്പങ്ങളുമായി ഹൃദയം പോലെ കായ്ച്ചു കിടക്കുന്ന ആപ്പിളിന്റെ നാട്ടിലേക്ക്,ഒരു മറക്കപ്പുറം  എന്റെ പ്രാണനെടുക്കാൻ കൊതിച്ചിരിക്കുന്ന ഒരു ശത്രുവുണ്ട്,



അവനൊരു നാടുണ്ട്,പൊടി കാറ്റ് വീശുന്ന .മണ്ണിൽ അലസമായി പാറുന്ന  മുടിയിഴകൾ കൊതി ഒതുക്കുന്ന ഒരു മകളുണ്ട്,അവന്റെ വരവും കാത്തു ഒഴിഞ്ഞ കൂടയുമായി എന്നും കാത്തിരിക്കുന്ന ഒരു ഭാര്യയുണ്ട്..ചുളിവു വീണ  കണ്ണുമായ് പിടയുന്ന മനസ്സോടെ ഒരു അമ്മയുണ്ട്‌....




ഓരോ യാത്രയും തുടങ്ങുന്നത് ഒരു ലക്‌ഷ്യം പൂര്ത്തിയാകാനുള്ള ആഗ്രഹത്തിൽ നിന്നാണ്.. പക്ഷെ ഓരോ യാത്രയും തീരുന്നത് എവിടെയാണ്? ആ ലക്ഷ്യത്തിലാണ്,അഥവാ ഒരു ആഗ്രഹ പൂർത്തീകരനത്തിലാണ്.... അതുകൊണ്ട് നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും തീരുന്നില്ല,തുടങ്ങുന്നതെ ഉള്ളൂ... ഓരോ യാത്രയും തുടങ്ങന്നത് ഒരു ആഗ്രഹത്തിൽ നിന്നാണ്, തീരുന്നത് പുതിയൊരു ആഗ്രഹത്തിന്റെ തുടക്കത്തിലാണ്‌...