Wednesday, June 7, 2017

രാത്രിയും പകലും

"നിങ്ങള്‍ക്ക് രാത്രിയാണോ പകലാണോ കൂടുതല്‍ ഇഷ്ടം....."
മാഷ്‌ ബ്ലാക്ക് ബോര്‍ഡില്‍ നിന്നും തിരിഞ്ഞു കൊണ്ട് ചോദിച്ചു...
"രാത്രി - പകല്‍-രാത്രി- പകല്‍ "
കുട്ടികള്‍ ഇടതടവില്ലാതെ വിളിച്ചു പറഞ്ഞു....
"അതെന്താ,കാരണം കൂടി പറയൂ.."
"പകലാകുമ്പോ കുറേ നേരം കളിക്കാം..."
"രാത്രി ഒരുപാട് നക്ഷത്രങ്ങള്‍ കാണാം"
" രാത്രി ഉറങ്ങാം"
"രാത്രി സ്കൂളില്‍ പോകണ്ട "
 ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു......
"രാധയെന്താ ഒന്നും മിണ്ടാത്തത്...."
എല്ലാ  കണ്ണുകളും ജനലില്‍ കൂടി പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന രാധയിലേക്ക് തിരിഞ്ഞു,
"ഞാന്‍ ,അത്  പിന്നെ...." പാവാടയില്‍ തിരുതിപിടിച്ച് കൊണ്ട് രാധ എഴുന്നേറ്റു.....
"ഇതേതു ലോകത്താ,ഇവിടെനടക്കുന്നത് വല്ലോംഅറിയുന്നുണ്ടോ,?"
മാഷ്‌ ചിരിച്ചുകൊണ്ട് അടുത്തേക്ക്‌  ചെന്നു,
"മ്"
"എങ്കില്‍ പറയൂ, രാധയ്ക്കു രാത്രിയാണോ പകലാണോ കൂടുതല്‍ ഇഷ്ടം?"
"എനിക്ക്,എനിക്ക്....."
രാധയുടെമനസ്സിലൂടെ നൂറുചിന്തകള്‍ഓടിമറഞ്ഞു,
രാത്രിയില്‍ ഓലപ്പുരയില്‍ അമ്മയോട് ചേര്‍ന്ന് കിടക്കുമ്പോള്‍ ഇഴഞ്ഞു വരുന്നഅച്ഛന്റെ കൈകള്‍,ചാരായത്തിന്റെയും ബീഡിയുടെയും രൂക്ഷഗന്ധം......
പകലില്‍ ശരീരത്തെ കൊത്തിവലിക്കുന്നപോലെ കൊതിപൂണ്ടുനോക്കുന്ന കണ്ണുകള്‍,
രാത്രിയോ പകലോ എപ്പോള്‍ വേണമെങ്കിലും തന്റെമേലെ ചാടിവീണ്  കടിച്ചു കീറാന്‍, വട്ടം ചുറ്റി, നാവു നുണഞ്ഞു നടക്കുന്ന വേട്ടമൃഗങ്ങള്,പരിചിതമായ മുഖങ്ങള്‍ ഉള്ള,  ഒരുപാട്  വേട്ടമൃഗങ്ങള്‍....
"പറയൂ,രാധയ്ക്കു രാത്രിയാണോ പകലാണോ കൂടുതല്‍ ഇഷ്ടം.."
"എനിക്ക്...എനിക്ക്...."
ആ കുഞ്ഞു ചുണ്ടുകള്‍ വിതുമ്പി...
പുറത്തപ്പോഴും ഇരയെ കാത്ത് വേട്ടമൃഗങ്ങള്‍ അക്ഷമയോടെ വട്ടംചുറ്റി നടന്നിരുന്നു,നാവ് നുണഞ്ഞു കൊണ്ട്......

Wednesday, May 24, 2017

കഥയിലില്ലാത്തവന്‍

പുഴയെ തിരഞ്ഞ് പോയ വേരുകൾ നിരാശരായി തിരികെ വന്നപ്പോൾ മണ്ണിന് മീതെ മരമില്ലായിരുന്നു....
തടഞ്ഞ് നിർത്തുന്ന മലകളെ കാണാതെ മഴമേഘങ്ങൾ അലഞ്ഞു നടന്നു....
മടയിലൂറിയ വിഷത്തിൽ നിന്നും പുറത്ത് ചാടിയ ഞണ്ടിനെ തിന്ന കുറുക്കന്റെ ഓരിയിടലിനൊപ്പം അന്ത്യശ്വാസവും പുറത്ത് വന്നു...
ചത്ത് പൊങ്ങിയ മീനുകളെ കാണാനാകാതെ കൊറ്റി കണ്ണടച്ചു തപസ്സു തുടർന്നു...
ഇരിക്കാന്‍ ചില്ല തേടി കിളികള്‍ അലഞ്ഞുമറുപാട്ട് കേള്‍ക്കാതെ കുയിലും പറന്നു പോയ്‌..

വയലില്‍ മഴ നോക്കിയിരുന്ന തവളയുടെ നെറുകയില്‍ ഒരു പിടി മണ്ണു വീണു...
മണ്ണിലടിഞ്ഞ പ്ലാസ്റ്റിക്കിന് ചുവട്ടിൽ മണ്ണിരകൾ തടവിലായി....
കഥയിലില്ലാത്തവൻ മനുഷ്യൻ മാത്രം...

എന്‍റെ ആത്മഹത്യാ കുറിപ്പ്

വരികൾക്കിടയിലായ് ചിതറി വീണീടുന്നെന്റെ,
പ്രണയമെന്ന മൂന്നക്ഷരം.
സ്മൃതിയിലെവിടെയോ
എരിഞ്ഞണയുന്ന വിപ്ലവത്തിന്റെ ജ്വാലകൾ...
എവിടെയോ തേടി അലയുന്നു ഞാനുമാ..
ഗൃഹാതുരത്വത്തിനോർമ്മകളെ....
കരളിലെവിടെയോ നീറി നിൽക്കുന്നെന്റെ
കരള് പങ്കിട്ട സോദരർ...
കദനമാകെ നിറഞ്ഞ് നിന്നെന്റെ ഹൃദയഭാരമൊട്ടേറവേ,
കനിവ് നൽകാൻ തെല്ലേതുമില്ലാതെന്റെ ചിതലരിക്കും കിനാവുകൾ...
അരികിലായൊന്ന് ചേർന്ന് നിൽക്കാനാരും വരികയില്ലെന്ന് അറിവീകിലും
മരണമേ നിന്റെ ചൂട് നുകരുവാൻ 
തനിയെ കാത്ത് നിൽപ്പു ഞാൻ..

Tuesday, April 18, 2017

മൂത്രപ്പുര

മൂത്രപ്പുര

മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് വയ്യ,അയാള്‍ ബസ്സില്‍ നിന്നും ഇറങ്ങി ഓടി ചെന്ന് ബസ് സ്റാന്‍ഡിലെ മൂത്രപുരയില്‍ കയറി,അതിന്റെ മാദക ഗന്ധവും അപകടാവസ്ഥയും അയാളെ അതിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. നേരെ അടുത്ത തെരുവിലേക്ക് വെച്ച് പിടിച്ചു. പറ്റിയൊരു സ്ഥലം കണ്ടു പിടിച്ചു, മറ്റൊന്നും ചിന്തിച്ചില്ല, ഇരുവശത്തേക്കും നോക്കി മുണ്ടും പൊക്കി നിന്നപ്പോഴാണ് പിറകില്‍ പിടി വീണത്‌...
“ഡോ...ഇവിടെ മൂത്രമൊഴിക്കാന്‍ പാടില്ല”
ആദ്യം ഒന്ന് അമ്പരന്നെങ്കിലും ധൈര്യത്തോടെ തിരിച്ചു ചോദിച്ചു, “അതെന്താ ഇവടെ മൂത്രമൊഴിച്ചാല്‍”
“പാടില്ല അത്ര തന്നെ”
“അത് ചോദിക്കാന്‍ താനാരാ?”
ആളുകള്‍ ഒച്ചയും ബഹളവും കേട്ട് അവരുടെ രണ്ടിന്റെയും ചുറ്റിലും കൂടി...
“ഞാന്‍ ഈ മതിലിന്‍റെ ഉടമസ്ഥന്‍”
“അതിനു ഞാന്‍ മതിലില്‍ മൂത്രമൊഴിച്ചില്ലല്ലോ ,റോഡിലല്ലേ മൂത്രമൊഴിക്കുന്നത്? അതും ഞങ്ങളുടെ ഗുരുവിന്റെ പേരില്‍ ഉള്ള റോഡില്‍?”
“അതെ,A മതത്തിലെ ഗുരുവ്ന്റെ പേരിലുള്ള റോഡില്‍ അതേ മതത്തില്‍ പെട്ട ആരേലും മൂത്രമൊഴിക്കുന്നത് ആര്‍ക്കും വിലക്കാന്‍ പറ്റില്ല....” കേട്ട് നിന്ന ഒരാള്‍ ഏറ്റു പിടിച്ചു,എന്നിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു, “ നീ നമ്മുടെ മതത്തിലെ തന്നെ അല്ലേ?”
“അതായിക്കോട്ടെ,പക്ഷേ അതൊരിക്കലും B മതത്തിലെ ഒരാളുടെ മതിലരികില്‍ പാടില്ല,കൂടാതെ ഈ റോഡ്‌ ഇവിടെ വന്നപ്പോള്‍ അതിനു നിങ്ങളുടെ ഗുരുവിന്റെ പേര് ഇട്ടത് ഞങ്ങള്‍ തന്ന ഭിക്ഷ ആയാണ്...” മറ്റൊരാള്‍ പറഞ്ഞു.
ഇത് കേട്ടതും ഒരുവന്‍ “ഞങ്ങളുടെ ഗുരുവിനെ ഭിക്ഷക്കാരന്‍ എന്ന് വിളിക്കുന്നോ...” എന്ന് പറഞ്ഞു കൊണ്ട് അത് പറഞ്ഞവന്‍റെ തലക്കടിച്ചു,ജനങ്ങള്‍ പെട്ടന്ന് രണ്ടു ചേരിയായി മാറി, തമ്മില്‍ ആക്രമിക്കാന്‍ തുടങ്ങി, ഒരേ വാഹനത്തില്‍ വന്നവര്‍, ഒരുമിച്ച് കച്ചവടം നടത്തുന്നവര്‍, സഹായം ചെയ്തവര്‍, വാങ്ങിയവര്‍ അങ്ങനെ പലരും ഇരു ചേരികളായി വീറോടെ ആക്രമിച്ചു, ബദ്ധവൈരികളും പരസ്പര ദ്രോഹികളും അതെല്ലാം മറന്ന് ശക്തമായി പ്രധിരോധിച്ചു...
കലാപം മറ്റ് തെരുവുകളിലേക്കും പടര്‍ന്ന് തുടങ്ങി, നഗരം മൂന്നു ദിവസം നിന്ന് കത്തി, ഏറ്റവും ജുഗുല്‍പ്സാവഹവും ഭീതിജനകവുമായ ചിത്രങ്ങള്‍ കിട്ടാന്‍ പത്രക്കാര്‍ മത്സരിച്ചു. കിട്ടിയ കഥകളില്‍ ആകുന്നത്ര ഭയവും അരക്ഷിതാവസ്ഥയും കുത്തിനിറച്ച് അവര്‍ പ്രസിദ്ധീകരിച്ചു. ആക്രമിക്കപെട്ടവര്‍ക്ക് വേണ്ടി ഉദാരമനസ്കരില്‍ നിന്ന് സഹായധനം സ്വീകരിക്കുന്നതിന് ബാങ്കില്‍ സന്നദ്ധ സംഘടനകള്‍ അക്കൌന്റ് തുറന്നത് ഒരു നല്ല ദിവസം ആയിരുന്നു,കാരണം അന്നേ ദിവസം ഈ സംഘടനകളുടെ തലപ്പത്തുള്ള പലരും സ്ഥലം വാങ്ങുന്നതിന് അഡ്വാന്‍സ് കൊടുക്കുകയും കെട്ടിടം പണിയാന്‍ തറക്കല്ല് ഇടുകയും ചെയ്തു.
കലാപ സമയത്ത് അവധിയില്‍ പ്രവേശിച്ചിരുന്ന നിയമപാലകരെ തിരിച്ച് വിളിച്ചു കൊണ്ട് കലാപം അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി, കലാപകാരികളെ കണ്ടാല്‍ അറെസ്റ്റ്‌ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടും സമാധാനത്തിന്റെ ഗുണഗണങ്ങളെ വര്‍ണിച്ചു കൊണ്ടും അവര്‍ തെരുവുകള്‍ തോറും അലഞ്ഞ് നടന്നു, മത സൌഹാര്‍ദം ഊട്ടി ഉറപ്പിച്ച് കൊണ്ട് A,B,C മുതലായ എല്ലാ മതത്തിന്റെയും ജാതിയുടെയും താടിയും മുടിയും ഉള്ളതും ഇല്ലാത്തതും ആയ എല്ലാ നേതാക്കളും കൈ കോര്‍ത്ത്‌ നടന്നു. ജില്ലാ മേധാവിയുടെ കീഴില്‍ സര്‍വകക്ഷി യോഗം വിളിച്ചു, തെരുവില്‍ ഒരു മൂത്രപ്പുര ഉടന്‍ പണിയും എന്ന് ഉറപ്പ് കൊടുത്തു, ഈ സര്‍ക്കാരിന്റെ പ്രധാന അജണ്ട അത് തന്നെ എന്ന് മന്ത്രിയും പ്രഖ്യാപിച്ചു.
വര്‍ഷം ഒന്നു കഴിഞ്ഞു,മൂത്രപ്പുര പണിതു കൊടുക്കാത്ത വഞ്ചകനായ മന്ത്രിയെ പ്രതിപക്ഷ നേതാവ് ആ തെരുവിലിട്ട് വാക്കുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്തു. അണികള്‍ ധ്രിതംഗപുളകിതരായി, പൊതുജനത്തില്‍ രോഷം നിയന്ത്രണം വിട്ടു പാഞ്ഞു കയറി. അത്തവണ ഇലെക്ഷനില്‍ പ്രതിപക്ഷ നേതാവിന്റെ പാര്‍ടി ജയിച്ചു, തെരുവില്‍ മൂത്രപ്പുര പണിയുന്നതിനായി ആദ്യമേ തന്നെ ഒരു പഠന സമിതിയെ നിയമിച്ചു. പ്രസ്തുത സമിതിയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ കൊച്ചാപ്പന്റെ ചിറ്റപ്പന്റെ അളിയന്‍റെ മകനെ ചായ കൊടുപ്പുകാരനായി നിയമിച്ചു എന്ന് പറഞ്ഞ് പ്രതിപക്ഷം മുറവിളി തുടങ്ങി, അതില്‍ മനം നൊന്ത വകുപ്പ് മന്ത്രി രാജിവെച്ചു. അപ്പോഴാണ്‌ പഠന സമിതിയിലെ വനിതാ അംഗം തന്നെ മറ്റൊരു അംഗം ലൈംഗികമായി പീഡിപ്പിച്ചു എന്നും പറഞ്ഞ് കേസ് കൊടുത്തത്, ആയതിന്റെ ഒറിജിനല്‍ വീഡിയോ ക്ലിപ്പ് വിശേഷ ദിനത്തില്‍ പ്രദര്‍ശിപ്പിക്കും എന്ന് പറഞ്ഞു ഒരു ചാനലും ആ ചാനല്‍കാര്‍ക്ക് കോപ്പി റൈറ്റ് ഇല്ല എന്ന് പറഞ്ഞ് മറ്റൊരു ചാനലും, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രമുഖരേയും കൊണ്ട് വേറൊരു ചാനലും കൂടി രംഗത്ത് വന്നു. വനിതാ അംഗം ടീവിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് യുവാക്കള്‍ മേല്‍ പറഞ്ഞ ക്ലിപ്പിന്റെ ആനുകാലിക പ്രസക്തി മനസിലാക്കിയത്, അവര്‍ സോഷ്യല്‍ മീഡിയകളില്‍ തകര്‍ത്ത് വാരി കാത്തിരുന്നു.
അങ്ങനെ മന്ത്രി സഭകള്‍ മാറി മാറി വന്നു, മൂത്രപ്പുരയുടെ പണി ഏകദേശം തീരാറായി. എന്ജിനീയരുടെ അഞ്ചാം നിലയുള്ള വീടിന്റെ പാല് കാച്ചിന്റെ അന്ന് തന്നെ മന്ത്രി സൌകര്യാര്‍ഥം ഉത്ഘാടനവും വെച്ചു. മൂത്രപ്പുര സൂക്ഷിപ്പ്കാരനായി നിയമിതനാകുവാന്‍ പലരും പാര്‍ടി ഓഫീസുകളുടെ മുന്‍പില്‍ കനമുള്ള കവറുമായി കുട്ടി നേതാക്കളോടൊപ്പം കാത്ത് നിന്നു. പ്രതീക്ഷകള്‍ ഇല്ലാതാക്കി കൊണ്ട് നിയമനം പരീക്ഷ മുഖാന്തിരമാക്കി. മൂത്രപ്പുര സൂക്ഷിപ്പ്കാരന്‍ ആകാനുള്ള തയാരെടുപ്പിലായി യുവത്വം, കോച്ചിംഗ് സ്ഥാപനങ്ങള്‍ നിറഞ്ഞു കവിഞ്ഞു, ഉത്തര സഹായികള്‍ കിട്ടാതായി. പതിനായിരം പേര്‍ എഴുതിയ പരീക്ഷയില്‍ നിന്ന് പത്തു പേര്‍ ഉള്ള പട്ടിക തയാറാക്കി, അതിനിടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു എന്നും പരീക്ഷയില്‍ ക്രമക്കേട് നടന്നു എന്നും പറഞ്ഞു ചിലര്‍ കോടതിയെ സമീപിച്ചു. ഒടുവില്‍ ഒരു ഭാഗ്യവാന്‍ നിയമിതനായി. അതിനിടെ ഗവ.മൂത്രപ്പുരയുടെ എതിരെ അന്താരാഷ്‌ട്ര കമ്പനിയുടെ മൂത്രപ്പുര തുടങ്ങി, അവരാകട്ടെ മൂത്രമൊഴിക്കാന്‍ വരുന്നവര്‍ക്ക് കുടിക്കാന്‍ വെള്ളവും ടീവി കാണാന്‍ ഉള്ള സൌകര്യവും മൊബൈല്‍ ചാര്‍ജിങ്ങും അങ്ങനെ മിന്നുന്ന ഓഫര്‍ പലതും കൊടുത്തു. ഒരു വര്‍ഷം തികയും മുന്‍പേ മൂത്രപ്പുര നഷ്ടത്തില്‍ ആണെന്നും പൂട്ടണമെന്നും പറഞ്ഞ് മേലാവികള്‍ റിപ്പോര്‍ട്ട് വെച്ചു, മൂത്രപ്പുര ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് മറ്റൊരു അന്താരാഷ്‌ട്ര കമ്പനിയും അപേക്ഷ വെച്ചതും അന്നായിരുന്നു. പെട്രോളിന് വില കൂടിയ സാഹചര്യത്തില്‍ മൂത്രപ്പുരയുടെ നിരക്കും ഉയര്‍ത്തി. ബഹുജനങ്ങള്‍ ഇളകി,വിദ്യാര്‍ഥി സംഘടനകള്‍ മൂത്രപ്പുര തല്ലി പൊളിച്ചു, ഹര്‍ത്താലും പ്രഖ്യാപിച്ചു, അതോടൊപ്പം ശമ്പള കുടിശ്ശിക തീര്‍ക്കണമെന്ന് പറഞ്ഞ് മൂത്രപ്പുര സൂക്ഷിപ്പ്കാരന്‍ യൂണിയന്റെ നേതൃത്വത്തില്‍ സമരം തുടങ്ങി. മൂത്രപ്പുര അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.
തെരുവിന്റെ പകുതി എത്തിയപ്പോഴാണ് അയാള്‍ക്ക്‌ മൂത്ര ശങ്ക തോന്നിയത്, പൊളിഞ്ഞതും അടച്ചിട്ടതുമായ മൂത്രപ്പുരയെ അവഗണിച്ച് അയാള്‍ മതിലിന്‍റെ അരികിലേക്ക് നടന്ന് ചെന്നു.....


പ്രതീഷ് കെ.എം.

അഡ്വക്കേറ്റ്