ഒരു ന്യൂ ജെനെറേഷൻ പ്രണയകഥ...
റെയിൽവേ സ്റ്റെഷനിൽ നല്ല തിരക്കുണ്ടായിരുന്നു... ആ തിരക്കിനിടയിലും അവൻ അവളുടെ കയ്യിൽ മുറുകേ പിടിച്ചു.... അവൻ ട്രെയിൻ ടിക്കെറ്റിൽ ഒന്ന് കൂടി നോക്കി,പ്ലാറ്റ്ഫോം നംബരിലെക്കും.മുന്നിൽ ഓടി കളിച്ചു കൊണ്ടിരുന്ന നോർത്ത് ഇന്ത്യൻ പെണ്‍കുട്ടി അവനെ നോക്കി ചിരിച്ചു,ചെമ്പൻ മുടിയുള്ള ഒരു കൊച്ചു കുട്ടി,അവൾ രണ്ടു കയ്യും ചേര്ത്തു പിടിച്ച് അവനെ തന്നെ നോക്കി ചിരിച്ചു,അവൻ ചിരിച്ചപ്പോൾ അവൾ തിരിഞ്ഞോടി,വീഴാൻ പോയപ്പോൾ അവൻ പിടിക്കാൻ ചെന്ന്,അപ്പോഴേക്കും ആ കുട്ടിയുടെ അമ്മ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവളെ പിടിച്ചു കൊണ്ട് പോയി.... അവൻ തിരിഞ്ഞു നോക്കി,അവൾ ഇപ്പോഴും അവിടെ തന്നെ നിൽക്കുകയാണ്,എന്തോ ആലോചിച്ചു കൊണ്ട്..അവൻ അടുത്തു ചെന്ന് തോളത്ത് തട്ടി,"ഹലോ,പോകണ്ടേ...." അവൾ ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു,എന്നിട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു"വേണ്ട"
അവനും ചിരിച്ചു..അവൾ അവന്റെ ഒപ്പം നടന്നു കൊണ്ട് ചോദിച്ചു,"ഈ വെക്കേഷൻ കണ്ടു പിടിച്ചതാരാ ?,ശേ വേണ്ടാരുന്നു...." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു,"ആരായാലെന്താ,രണ്ടു മാസം വീട്ടിൽ പോയി നിന്നു കൂടെ..."
"രണ്ടു മാസം ഇനി നമ്മൾ തമ്മിൽ കാണില്ല,അല്ലെ?" അവളുടെ സ്വരത്തിൽ വല്ലാത്ത ഒരു വിഷാദമുണ്ടായിരുന്നു...
"ഏയ്,നിനക്ക് കാണണമെന്ന് തോന്നുമ്പോൾ ഞാൻ വരാം"
അവൾ പെട്ടന്ന് നടത്തം നിർത്തി "അതെന്താ നിനക്ക് എന്നെ കാണണമെന്ന് തോന്നില്ലേ?" അവൻ തിരിഞ്ഞു നിന്ന് പറഞ്ഞു"നമുക്ക് പിന്നെ വഴക്കിടാം ,ഇപ്പൊ ട്രെയിൻപോകും "
"ഓ എന്നെ പറഞ്ഞു വിടാൻ ധൃതി ആയല്ലേ..."അവൾ പരിഭവിച്ചു....
അവൻ ചിരിച്ചു..."എത്തിയാലുടനെ വിളിക്കണം" "നോക്കട്ടെ..." അവൾ പറഞ്ഞു..."എങ്ങോട്ടാ"അവൻ അവളുടെ ബാഗിൽ പിടിച്ചു നിർത്തി ,"ഇതാ കമ്പാർട്ട്മെൻറ് " അവൾ ട്രെയിനിൽ കയറി,ട്രെയിൻ ചെറുതായി ചലിച്ചു തുടങ്ങി..അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു,"എത്തിയാലുടൻ വിളിക്കണം..."
"മം..."അവൾ മൂളി,അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ട്രെയിൻ വേഗത കൂട്ടി....അവൻ അവളുടെ കയ്യിൽ നിന്ന് വിട്ടു,അവൾ കൈ വീശി കാണിച്ചു..അവൻ ട്രെയിനും അവളും കണ്ണിൽ നിന്നും മറയുന്നത് വരെ പുഞ്ചിരിച്ചു കൊണ്ട് നിന്നു...
ബാഗെല്ലാം മുകളിൽ വെച്ച ശേഷം അവൾ മൊബൈൽ എടുത്ത് മെസ്സേജ് ടൈപ് ചെയ്തു...'ഡാ,ഞാൻ സ്റ്റേഷനിൽ നിന്നും പോന്നു,മൂന്നു മണിക്കൂറിനുള്ളിൽ എത്തും,ബൈക്കുമായി വരണം....'
അടുത്ത മെസ്സേജ് അവനും അയച്ചു,'മിസ്സ് യു ഡിയർ ...'
അവൻ റെയിൽവേ സ്റ്റെഷനു പുറത്തുള്ള കടയിൽ കയറി"ചേട്ടാ ഒരു സിഗരട്ട്.."അപ്പോഴാണ് അവന്റെ മൊബൈൽ റിംഗ് ചെയ്തത്,അവൻ കോൾ അറ്റൻഡ് ചെയ്തു,
"ആ എടി നീ എവിടാ.... ഞാൻ എന്റെ ഫ്രെണ്ടിന്റെ കൂടെ റെയിൽവേ സ്റ്റെഷനിൽ വന്നതാ......ശെരി ഇപ്പൊ വരാം...."
അവൻ കോൾ കട്ട് ചെയ്തു, വണ്‍ മെസ്സേജ് റിസീവ്ഡ് 'മിസ്സ് യു ഡിയർ ...'
അവൻ മെസ്സേജ് ഡിലീറ്റ് ചെയ്തു കൊണ്ട് ഫോണ്‍ പോക്കെറ്റിൽ ഇട്ടു,സിഗരട്ട് കത്തിച്ച് ഒരു പുകയും ഊതി ബൈക്കിനു നേരെ നടന്നു......