Saturday, December 17, 2016

എന്റെ പ്രണയത്തിന്റെ സമ്മാനം ..

എന്റെ പ്രണയത്തിന്റെ സമ്മാനം ..


                         ആൾകൂട്ടത്തിൽ ഞാൻ ഒറ്റയ്ക്ക് നടക്കുമ്പോഴും എന്റെ മനസ്സില് ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ,അവൾ ആ ട്രെയിനിൽ ഉണ്ടാകണമേ എന്ന്,വാച്ചിലെ സമയവും,സമയ വിവര പട്ടികയുമായി ഞാൻ കണക്കു കൂട്ടി നോക്കി,ഓരോ അറിയിപ്പ് പറയുമ്പോഴും ഞാൻ ചെവിയോര്ത്തു,കീശയിലുള്ള ടിക്കറ്റ്‌ ഇടയ്ക്കിടെ തപ്പി നോക്കിയും ഞാൻ എന്റെ അക്ഷമ പ്രകടിപ്പിച്ചു കൊണ്ടിരുന്നു,ആളുകൾ തമ്മിൽ തമ്മിൽ ശ്രെദ്ധിക്കാതെ ഓരോ വഴിക്കും പാഞ്ഞു കൊണ്ടിരുന്നു,യാത്രക്ക് വന്നവർ,യാത്ര അയക്കാൻ വന്നവർ,സ്വീകരിക്കാൻ വന്നവര അങ്ങനെ പലരും..എല്ലാവര്കും അവരവരുടെ കാര്യങ്ങൾ...എന്റെ മനസ്സില് അവളെ കുറിച്ചുള്ള ചിന്തകൾ മാത്രം,അവസാനമായി കണ്ടു പിരിയുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ട ഒരു തിളക്കം മാത്രമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്,നോർത്ത് ഇന്ത്യക്കാരിയായ ഒരു കൊച്ചു പെണ്‍കുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു  കടന്നു പോയി,എണ്ണ തേക്കാത്ത ചെമ്പാൻ മുടിയിൽ ഒരു കയ്യിലെ വിരലുകൾ കടത്തി ചൊറിഞ്ഞ് കൊണ്ട് മറ്റേ കയ്യ് നീട്ടി അവൾ ഓരോരുത്തരെയായി സമീപിച്ചു...
                              ശബ്ദവും പുകയും ഒരു പോലെ പുറത്തു വിട്ടു കൊണ്ട് ട്രെയിൻ വന്നു നിന്നു ,ആളുകൾ കയറാനും ഇറങ്ങാനും തിരക്ക് കൂട്ടി,ഒരു വിധത്തിൽ ഞാനും കയറി പറ്റി,ഏറെ അലഞ്ഞു തിരിഞ്ഞ് അവളെ കണ്ടു പിടിച്ചു,ജാലകത്തിന്റെ അരികിൽ ഒരു ചെറിയ കുട്ടിയുമായി സംസാരിച്ചു കൊണ്ട് അവൾ......
അടുത്തിരുന്ന വൃദ്ധനെ നീക്കി കൊണ്ട് ഞാന്‍ അവളുടെ അടുത്തിരുന്നു,ദീര്ഖമായി നിശ്വസിച്ചു.
"ഇന്നും താമസിച്ച്..." അവള്‍ മുഖത്തു നോക്കാതെ ചോദിച്ചു.
"മ്.." ഞാന്‍ ഒന്നു മൂളുക മാത്രം ചെയ്തു.
"തന്‍റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ലേ?" അവള്‍ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി.
ഒരു ചെറിയ നിശബ്ദതക്ക് ശേഷം ക്ഷമ നശിച്ച പോലെ ഞാന്‍ പറഞ്ഞു,"നോക്കു,നമ്മള്‍ പറഞ്ഞ് അവസാനിപ്പിച്ച കാര്യങ്ങളാണ്,ഇനി ഇതൊന്നും പറയില്ല എന്ന് നീ ഉറപ്പ് പറഞ്ഞത് കൊണ്ടാണ്..." എന്റെ ശബ്ദം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ അവള്‍ എന്റെ കൈത്തണ്ടയില്‍ പിടിച്ച്,ഞാനറിയാതെ എന്റെ ശബ്ദം താഴ്ന്നു,ചുറ്റുമുള്ളവര്‍ അവരുടെ കാര്യങ്ങളില്‍ തിരക്കിലാണ്,പക്ഷേ അവളും ആ കുട്ടിയും കൂടി നിശബ്ദമായി ആശയവിനിമയത്തില്‍ ആയിരുന്നു,ഞാന്‍ ഒന്ന് ഇളകിയിരുന്നിട്ട് പറഞ്ഞു,"കാര്യങ്ങളൊക്കെ നിനക്ക് അറിയാം,ഇപ്പോള്‍ വന്നിരിക്കുന്നത് നല്ലൊരു ഓഫര്‍ ആണ്,നിനക്കും വേണമെങ്കില്‍ എന്റെ കൂടെ വരാമല്ലോ..."
"തനിക്ക് അറിഞ്ഞു കൂടെ ,അച്ഛന് വയ്യാത്തത്" അവള്‍ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു,എന്നിട്ട് എന്നോട് പറഞ്ഞു എന്ത് ക്യൂട്ടാ ല്ലേ..." "മം..." ഞാന്‍ മൂളി, അവള്‍ എന്റെ കയ്യില്‍ അരുമയോടെ തലോടി കൊണ്ട് പറഞ്ഞു,"ഇത് പോലൊരു കുട്ടിവേണം..."
എനിക്ക് ഉള്ളില്‍ ദേഷ്യം വന്നു," താന്‍ എന്റെ കൂടെ ബാന്ഗ്ലൂര്‍ക്ക് വരുന്നുണ്ടോ ഇല്ലയോ" ഞാന്‍ അല്പം ഉറക്കെ ചോദിച്ചു,
"എന്തിനു?,താന്‍ പോകുന്നത് തന്റെ കരിയറും സ്വപ്നങ്ങളും ഒക്കെ മുന്നില്‍ കണ്ടാണ്‌,അല്ലാതെ എനിക്ക് വേണ്ടിയല്ല,എനിക്ക് വയ്യാത്ത അച്ഛനെ വിട്ട് വരാന്‍ പറ്റില്ല എന്ന് അറിയാല്ലോ" അവള്‍ ആ കുട്ടിയുടെ കവിളില്‍  തടവി കൊണ്ട് പറഞ്ഞു,
"ഇയാള്‍ പോകണ്ട എന്ന് ഞാന്‍ പറഞ്ഞാല്‍ ഇയാള്‍ കേള്‍ക്കുമോ...?" അവളത് ചോദിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ പതിവില്ലാതെ തിളങ്ങിയിരുന്നു,ഒരു നിമിഷം ആ നോട്ടത്തിന് മുന്നില്‍ ഞാന്‍ വീണു പോകും എന്ന് പോലും ഭയന്നു,അത് മനസ്സിലാക്കിയ പോലെ അവളുടെ മുഖത്ത് ഒരു മന്ദഹാസം പറന്നു,മൂന്നു വര്‍ഷം ഒരു താലിച്ചരടിന്റെ കുറവൊഴികെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു,ഇന്ന് വരെ അവളുടെ മുഖത്ത് അത്തരം ഒരു ഭാവം ഞാന്‍ കണ്ടിരുന്നില്ല,എന്റെ ഉള്ളറിഞ്ഞ പോലെ അവള്‍ പറഞ്ഞു,"സാരമില്ല പൊയ് വാ,ഞാന്‍ ഇവിടെ കാത്തിരിക്കും,രണ്ടു വര്‍ഷമല്ലേ ഉള്ളൂ,ഞാന്‍ കാത്തിരിക്കാം..." അവളത് പറയുമ്പോള്‍ അവളുടെ ഉള്ളില്‍ ഒരു കടലിരംബുന്നുണ്ടായിരുന്നു,അവളുടെ മുഖം കടലാസ് പോലെ വിളറി വെളുത്തു. "എത്ര മണിക്കാ ബാന്ഗ്ലൂര്‍ ന്നു ഫ്ലൈറ്റ്?" അവള്‍ ചോദിച്ചു,"രാവിലെ പതിനൊന്നിന് "
"മം...അവിടെ എത്തിക്കഴിഞ്ഞ് ഒന്നൂടി ആലോചിക്ക്,തിരിച്ചു വരുമ്പോള്‍ എന്നെ തിരക്കി വരണോ ന്ന്,വരില്ല എങ്കില്‍ നേരത്തെ പറയണം,എനിക്ക് എന്റെ പണി നോക്കണം," അവള്‍ ചിരിച്ചു,ഞാന്‍ ഒന്നും പറഞ്ഞില്ല സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി,അവള്‍ അവിടെ ഇരുന്നതേയുള്ളൂ,ഞാന്‍ ജനാലക്ക്‌ അരികില്‍ വന്ന് പറഞ്ഞു,"പോട്ടെ"
"മം .." അവള്‍ മൂളി
"പിന്നേയ് " നടന്നു തുടങ്ങിയ എന്നെ അവള്‍ വിളിച്ചു,തിരികെ ചെന്ന എന്നോട് അവള്‍ വീണ്ടും ആ കള്ള ചിരി ചിരിച്ച് നോക്കി,ആദ്യമായി നോക്കുന്നത് പോലെ,
"ഞാന്‍ പറഞ്ഞതിനെ പറ്റി ശരിക്കും ആലോചിക്ക്,എന്നെ തിരക്കി വരില്ല എന്നുണ്ടെങ്കില്‍ നേരത്തെ പറയണം,എനിക്ക് ചിലത് ചെയ്യാനുണ്ട്..."
"മം,പറയാം" ഞാന്‍ പറഞ്ഞു
"ധൈര്യമായി പോയി വാ,എന്നെ തിരക്കി ഇയാള്‍ വന്നാല്‍ ഇയാള്‍ക്ക് ഞാന്‍ ഒരു സമ്മാനം തരാം,ഇന്ന് ഞാന്‍ അത് കൊണ്ട് വന്നിരുന്നു,പക്ഷേ ഇന്ന് തരുന്നില്ല..." വീണ്ടും അവളുടെ മുഖത്ത് അതേ കള്ളച്ചിരി,അവള്‍ കൈ നീട്ടി എന്റെ കവിളില്‍ തലോടി കൊണ്ട് കണ്ണുകള്‍ ചിമ്മി കാണിച്ചു, ട്രെയിനിന്റെ കൂക്കിവിളി ഉയര്‍ന്നു,ഞാന്‍ തിരിഞ്ഞു നടന്നു,എന്റെ ഉള്ളില്‍ ചിന്തകള്‍ മദിച്ചു,അവളുടെ മുഖം എന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു,ഞാന്‍ തിരിഞ്ഞു നോക്കി,ട്രെയിന്‍ നീങ്ങി തുടങ്ങിയിരിക്കുന്നു,അവള്‍ വയറിനു ചുറ്റും കൈകള്‍ പിണച്ച് വെച്ച് കണ്ണുകള്‍ അടച്ച് ഇരിക്കുന്നു,എനിക്ക് തല കറങ്ങും പോലെ തോന്നി,ആ തിരക്കിനിടയിലും ഞാന്‍ ഒറ്റയ്ക്ക് ഇരുട്ടില്‍ നില്കും പോലെ,ട്രെയിന്‍ അവളെയും അവള്‍ എനിക്കായ് കൊണ്ടുവന്ന സമ്മാനത്തിനെയും കൊണ്ട് എന്റെ കണ്മുന്നില്‍ നിന്നും വേഗത്തില്‍ മാഞ്ഞു കൊണ്ടിരുന്നു....

Sunday, December 4, 2016

കളമെഴുത്ത്

കളമെഴുത്ത്

പുള്ളുവന്റെ മണ്‍വീണ കരച്ചിൽ നിരത്തിയിട്ടു കുറച്ചു നേരമായി,പുള്ളുവനും പുള്ളുവത്തിയും പുതിയ കളമെഴുതുന്ന തിരക്കിലാണ്.. ഭസ്മ കളമായിരുന്നു വലിയ രസമുണ്ടായില്ല ,നാഗത്തറയിൽ പടര്ന്നു കിടക്കുന്ന മഞ്ഞളിൽ വിരോലോടിച്ചു കൊണ്ട് ഞാൻ നിന്നു,നിലത്താകെ മഞ്ഞളിന്റെയും പാലിന്റെയും കുഴമ്പ്... കളം കൊണ്ടു കഴിഞ്ഞവരെല്ലാം കുളിച്ചു ഈറനോടെ തൊഴുന്നു,തൊഴുതു കഴിഞ്ഞവർ കഞ്ഞിപുരയിലെക്കും നടക്കുന്നു.. വിരലിൽ പറ്റിയ മഞ്ഞൾ ഞാൻ നെറ്റിയിലേക്ക് വരച്ചു, "മോനെ,ഈ ചോറ് ഒന്ന് കൊടുക്കുമോ? " എന്റെ പിന്നിൽ നിന്ന സ്ത്രീ അടുത്ത പറമ്പിലേക് കൈ ചൂണ്ടി ചോദിച്ചു, ചോറ് പൊതി വാങ്ങി ഞാൻ ആർക്ക് കൊടുക്കനമെന്നരിയാതെ പരത്തി, "ശ്ശ്ശ്ശ്ശ്ശ്..." പാമ്പിന്റെ സീല്കാരം പോലെ ഒരു ശബ്ദം,പട്ടു പാവാടയിട്ട ഇരുനിരക്കാരിയായ ,ഒരു പെണ്‍കുട്ടി,ഞാൻ ചോരുകൊടുത്തു തിരിഞ്ഞപ്പോൾ അവൾ പറഞ്ഞു,"പോകല്ലേ,ഞാൻ ഉണ്ട് കഴിഞ്ഞു പോകാം," "അതെന്താ?" ഞാൻ ചോദിച്ചു.. "എനിക്കിനി എന്തേലും വെനെമെങ്കിലോ..." "നീ പോയി എടുക്കു..."ഞാൻ നീരസത്തോടെ പറഞ്ഞു, "എനിക്ക് കേറാൻ പാടില്ല" അതെന്താ ? ഞാൻ ചോദിച്ചു,അവൾ നീരസത്തോടെ ചോറിൽ നോക്കി, ഞാൻ ഒന്നും മിണ്ടാതെ കളമെഴുതുന്നതു നോക്കി,കഴിയാനായെന്നു തോന്നുന്നു,ഞാൻ പറഞ്ഞു,എനിക്ക് പോണം,ഇപ്പൊ തുടങ്ങും തുള്ളൽ.." "ഇപ്പൊ തുടങ്ങില്ല",അവൾ പറഞ്ഞു .. "നീ കുടുംബത്തിൽ ഉള്ളതാണോ? " ഞാൻ ഗൌരവത്തിൽ ചോദിച്ചു,"അതെ",അവൾ പറഞ്ഞു.. "പിന്നെന്താ നീ അങ്ങോട്ട്‌ വരാത്തെ ?" അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു,"ഞാൻ പറഞ്ഞില്ലേ..എനിക്ക് വരാൻ പറ്റില്ല.." എനിക്ക് ഒന്നും മനസ്സിലായില്ല,"ശെരി,നിനക്ക് വെള്ളമോ എന്തേലും വേണോ?" "വേണ്ട,എനിക്ക് ഒറ്റയ്ക്ക് നില്കാൻ പേടിയാ.."
 "എങ്കിൽ പിന്നെ നീയെന്തിനാ വന്നത്?"
"വീട്ടിലും ഞാൻ ഒറ്റക്കാകില്ലേ?"
"ശെരി,ഞാൻ ഓടി പോയി വെള്ളം എടുത്തോണ്ട് വരാം.." അവളിൽ നിന്നും മൂളൽ പോലെ എന്തോ ഒരു ശബ്ദം കേട്ടു.....ഞാൻ പോയി വന്നപ്പോഴും അവൾ എടുത്ത ഉരുളയുമായി തന്നെ നില്ക്കുന്നു,എനിക്ക് ചിരി വന്നു,"കൊള്ളാല്ലോ ആള്,അപ്പൊ ഇത്രേം നേരം എങ്ങനെ ഒറ്റയ്ക്ക് നിന്നു?
അവള്‍ ഒന്നും മിണ്ടാതെ ചോറ് തിന്ന് തുടങ്ങി....ആ മുഖത്തു ദേഷ്യത്തിന്റെ ഒരു നിഴല്‍ വീണപോലെ...
തുള്ളല്‍ പറമ്പിലെ മൈക്കിലൂടെ പുള്ളുവത്തി മകനോട്‌ സംസാരിക്കുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു,മൈക്കിന്റെ ശബ്ദത്തിനെ തോല്‍പ്പിക്കാന്‍ എന്ന പോലെ അമ്മാവന്മാര്‍ ഉച്ചത്തില്‍ ആരോടെക്കെയോ എന്തോ പറയുന്നുണ്ടായിരുന്നു...
"ഇയാള്‍ എന്താ ശരിക്കും അങ്ങോട്ട്‌ വരാത്തെ?" ഞാന്‍ വീണ്ടും ചോദിച്ചു...
"ഇയാള്‍ ശരിക്കും മണ്ടനാണോ?" അവള്‍ മുഖമുയര്‍ത്തി ചോദിച്ചു..
എനിക്കൊന്നും മനസിലായില്ല,"പറയാന്‍ പറ്റുമെങ്കില്‍ പറ" ഞാന്‍ നീരസപെട്ടു..
അവള്‍ ചോറില്‍ നിന്ന് മുഖമുയര്‍ത്തി എന്നെ കുറച്ച് നേരം നോക്കി,അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു വന്നു,മഞ്ചാടിക്കുരു തറയില്‍ വീണപോലെ അതൊരു പൊട്ടിച്ചിരി ആയി മാറി,"എന്തിനാ ചിരിക്കണേ?" ഞാന്‍ ദേഷ്യപെട്ടു, "ഒന്നുമില്ല ഒന്നുമില്ല"അവള്‍ ചിരി ഒരു കൈ കൊണ്ട് മറച്ച് കൊണ്ട് പറഞ്ഞു,"പെണ്‍കുട്ട്യോള്‍ക്ക് ചില ദിവസം അങ്ങനെയാ.."
"എങ്ങനെ?"
"അമ്പലത്തില്‍ കേറാന്‍ പാടില്ല.."
"അതെന്താ,അതേതൊക്കെ ദിവസമാ?"
"മ്മ് " അവള്‍ ഗൌരവത്തോടെ എന്നെ നോക്കി,"ശെരിക്കും ഇയാള്‍ക്ക് അറിഞ്ഞൂടെ?" അവള്‍ വീണ്ടും കള്ളച്ചിരിയോടെ ചോദിച്ചു..
"ഇല്ലന്നെ.."
"എന്നാല്‍ എന്റെ മോന്‍ അറിയണ്ട "
"തന്റെ മോനോ" അയ്യോ,എന്നെ ചിറ്റമാര് അന്വേഷിക്കും....ഞാന്‍ ഓര്‍ത്തു...
"അതേയ്,ഞാന്‍ പൊയ്ക്കോട്ടെ,എന്നെ തിരക്കുന്നുണ്ടാകും..."
അവള്‍ കഴിച്ച് കഴിഞ്ഞ് ഇല എടുത്ത് എന്നെ നോക്കാതെ മൂളി...
ഞാന്‍ അമ്പലത്തിലേക്ക്  നടന്നു,പെട്ടന്ന് ഞാന്‍ തിരിഞ്ഞു നോക്കി,അവള്‍ തിരിഞ്ഞ് നില്‍ക്കുകയായിരുന്നു, "അതേയ്" ഞാന്‍ വിളിച്ചു,അവള്‍ തിരിഞ്ഞ് നോക്കി,"ഞാന്‍ പോയാല്‍ ഇയാള്‍ പിന്നേം ഒറ്റക്കല്ലേ?"
"ഇയാള്‍ പോയില്ലേല്‍ തിരക്കില്ലേ?" വീണ്ടും ആ ഭംഗിയുള്ള ചിരി വിരിഞ്ഞു..
"മം " ഞാന്‍ മൂളി,"ഒറ്റക്കിരിക്കാന്‍ തനിക്ക് പേടിയില്ലേ.."
" സാരംല്ല പൊയ്ക്കോ,"
"എന്തേലും ഉണ്ടേല്‍ വിളിക്കണേ..."
"ആ..."
ഞാന്‍ തിരിഞ്ഞു നടന്നു....
"എടാ,നീ എവിടെ പോയതാ,അമ്മ നിന്നെ ഇന്ന് കൊല്ലും,അമ്മ ചോദിച്ചാല്‍ എന്റെ കൂടെ ആയിരുന്നു ന്നു പറഞ്ഞാ മതി"
ഞാന്‍ ഒന്നും മിണ്ടീല്ല...
"ആഹാ ഇതെവിടുന്നു കിട്ടി,എവ്ടാരുന്നെടാ നീ..." അമ്മ ചോദിച്ചു.
"എന്റെ കൂടെ ആരുന്നു..." ചിറ്റ വേഗം പറഞ്ഞു,
"മം.."അമ്മ ചിറ്റയുടെ കള്ളത്തരം കേട്ട് കനത്തില്‍ മൂളി..." എന്താ മുഖത്തൊരു വാട്ടം" അമ്മ ചോദിച്ചു,
"ഒന്നൂല്ല.."
"ഉറക്കം വരുന്നോ.." വാ അമ്മ എന്നെ ചേര്‍ത്തിരുത്തി....
ഞാന്‍ ഒന്നും മിണ്ടിയില്ല,പൂങ്കുലയും പിടിച്ച് പെണ്‍കുട്ടികള്‍ കളത്തില്‍ വലം  വെച്ചു ,എന്റെ മനസ്സില്‍ മഞ്ചാടി കുരു ചിതറി വീണുകൊണ്ടിരുന്നു...കളത്തിലെ അഞ്ചു തലയുള്ള നാഗത്തിന്റെ കണ്ണുകള്‍ തിളങ്ങിയിരുന്നു,അവളുടെ പോലെ....വര്‍ണക്കളത്തിലെ നാഗത്തിന് ഇരുട്ടിലെ നിഴലിന്റെ ഭംഗി ഇല്ലായിരുന്നു...പുള്ളുവനും പുള്ളുവത്തിയും പാടിത്തുടങ്ങി,നാഗങ്ങള്‍ പലരായി ആടി തുടങ്ങി....ആ ഇരുട്ടില്‍ നിന്നും ഒരുപാട് നാഗങ്ങള്‍ ഇറങ്ങി വന്ന്,കളത്തിനു ചുറ്റും ഇഴഞ്ഞു നടന്നു,ഞാന്‍ അവരുടെ ഇടയിലൂടെ നടന്നു,പുള്ളുവന്റെ പാട്ടും കടന്ന് ഞാന്‍ നടന്നു,പുല്ലോര്‍ക്കുടത്തിന്റെ മുഴക്കം കുറഞ്ഞു വന്നു,മണ്‍വീണയുടെ കരച്ചില്‍ നേരത്ത് വന്നു,
ഇരുട്ടില്‍ ഒരു നാഗം മാത്രം കാത്തു നിന്നു,എന്നെയും കാത്ത്,ഞാന്‍ ഇരുട്ടിലൂടെ  അങ്ങോട്ട്‌ നടന്നു, ആ കണ്ണുകളുടെ തിളക്കം മാത്രം നോക്കി നടന്നു,നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല,എന്റെ കാലുകള്‍ കുഴഞ്ഞു തുടങ്ങി,തൊണ്ട വരണ്ടു,ഞാന്‍ വീണ്ടും നടന്നു...നാഗങ്ങള്‍ എന്‍റെ ചുറ്റിനും നിറഞ്ഞാടി,മഞ്ഞളിന്റെ ഗന്ധം പരന്നു,നിറങ്ങള്‍ അലിഞ്ഞു ചേര്‍ന്ന് ഇരുട്ടിന് നിറം കൂടി,ഇരുട്ടില്‍ എവിടെയോ കണ്ണുകള്‍ തിളങ്ങി,ആരോ മഞ്ചാടിക്കുരു വാരി വിതറി....
"എണീക്ക് കുട്ടാ,വാ..എണീക്ക്,പോകാം,കഴിഞ്ഞു...."
ഞാന്‍ കണ്ണ് തുറന്ന് നോക്കി,കളം കൊണ്ടിരിക്കുന്നു,വര്‍ണപൊടികളും മണ്ണും ചേര്‍ന്ന് പുതിയ നിറമായി,ആളുകള്‍ എണീറ്റ്‌ നടന്ന് തുടങ്ങി...പലരും കുട്ടികളെ വിളിച്ച് എണീപ്പിക്കാനും,തോളത്തിടാനും തുടങ്ങിയിരുന്നു, അമ്മയും ചിറ്റമാരും എന്റെ കയ്യും പിടിച്ച് നടന്നു, ഞാന്‍ തിരിഞ്ഞു നോക്കി,ഇരുട്ടിലെവിടെയോ തിളങ്ങുന്ന ആ കണ്ണുകളെ,മഞ്ഞാടിക്കുരു വിതറിയ ചിരിയെ...